17 Jan 2025 9:45 AM GMT
കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ഗംഭീര തുടക്കം. ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് സർവ്വീസിന് ലഭിച്ചത്. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് ഇന്നലെ സർവ്വീസ് ആരംഭിച്ചത്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് സർവ്വീസ് നടത്തിയത്. ഈ റൂട്ടുകളിലായി 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയർ പോർട്ട് റൂട്ടിൽ 1345 പേരും കളമശേരി റൂട്ടിൽ 510 പേരും ബസിൽ യാത്ര ചെയ്തു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷൻ 1,18,180 രൂപയാണ്.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് യാത്ര നിരക്ക്. എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്. കളമശേരി- മെഡിക്കല്‍ കോളേജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്.
ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യുഎസ്ബി പോർട്ട് ലഭ്യമാണ്. ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസുകള്‍ ആരംഭിക്കും.