28 Nov 2023 7:19 AM
4000 കലോറി ഭക്ഷണം, ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പാട്ട്...,ദിനചര്യകള്‍ വെളിപ്പെടുത്തി സുക്കര്‍ബെര്‍ഗ്
MyFin Desk
Summary
ലോകത്തെ ആറാമത്തെ ധനികനായ വ്യക്തിയാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്
ഫോബ്‌സിന്റെ കണക്ക്പ്രകാരം ലോകത്തെ ആറാമത്തെ ധനികനായ വ്യക്തിയാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.
ഔദ്യോഗിക കാര്യങ്ങളും വ്യക്തിപരമായ വിശേഷങ്ങളും ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും തന്റെ ഫോളോവേഴ്‌സുമായി പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്.
ഫേസ്ബുക്ക് ലൈവില്‍ ചോദ്യോത്തര വേളയില്‍ ( Q&A) 39 -കാരനായ സുക്കര്‍ബെര്‍ഗ് ദിനചര്യകളെ കുറിച്ച് പറഞ്ഞത് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
എന്നും രാവിലെ 8 മണിക്കാണ് എഴുന്നേല്‍ക്കുന്നത്. എഴുന്നേറ്റ് കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്നത് ഫേസ്ബുക്ക്, മെസഞ്ചര്‍, വാട്‌സ് ആപ്പ് എന്നിവ പരിശോധിക്കുകയാണു ചെയ്യാറുള്ളതെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഓരോ ദിവസവും ലോകത്തില്‍ നടന്ന സംഭവങ്ങളുടെ പ്രാധാന്യം അനുസരിച്ചാണു ഫേസ്ബുക്കില്‍ സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഏതാനും നേരം മാത്രമാണ് ഫേസ്ബുക്കില്‍ സമയം ചെലവിടുന്നതെങ്കിലും ചില ഘട്ടത്തില്‍ അത് മണിക്കൂറുകള്‍ നീളാം.
രാവിലെ എഴുന്നേറ്റ് കഴിയുമ്പോള്‍ തന്നെ ഫോണ്‍ നോക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ലെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു.
മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എംഎംഎ) പരിശീലിക്കുന്നത് പതിവാണ്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പാട്ട് പഠിക്കാനും സമയം കണ്ടെത്തുന്നുണ്ട്. മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമാണ് പാട്ട് പഠിക്കുന്നതെന്നു സുക്കര്‍ബെര്‍ഗ് പറഞ്ഞു.
ആഴ്ചയില്‍ മൂന്നു തവണ ഓടുന്ന ശീലമുണ്ടായിരുന്നു. എന്നാല്‍ അത് അവസാനിപ്പിച്ചു. പകരം ആഴ്ചയില്‍ മൂന്നോ നാലോ സെഷനുകള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സായ ജിയു ജിറ്റ്‌സു പരീശീലിക്കാന്‍ മാറ്റിവച്ചതായി ഈ വര്‍ഷം ജൂണ്‍ മാസം സുക്കര്‍ബെര്‍ഗ് പറഞ്ഞിരുന്നു. തീവ്ര പരിശീലനം നിലനിര്‍ത്താന്‍ താന്‍ പ്രതിദിനം 4000 കലോറി നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെന്നാണു സുക്കര്‍ബെര്‍ഗ് പറയുന്നത്.
എന്നാല്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും എന്താണ് കഴിക്കാറുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഓരോ രാത്രിയിലും 8 മണിക്കൂര്‍ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഔറ റിംഗ് (Oura ring) ഉപയോഗിച്ച് സമയം ദൈര്‍ഘ്യം ട്രാക്ക് ചെയ്യാറുണ്ടെന്ന് ഒരിക്കല്‍ സുക്കര്‍ബെര്‍ഗ് പറഞ്ഞിരുന്നു.