image

5 Jan 2023 5:13 PM IST

News

എംഎസ്എംഇകള്‍ക്കായി മെര്‍ച്ചന്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങുന്നു

MyFin Desk

msme merchant credit card launch
X

Summary

ഹ്രസ്വകാലത്തില്‍ കുറഞ്ഞ പലിശയ്ക്ക് ഈട് രഹിത വായ്പകള്‍ ലഭ്യമാക്കുന്ന ഈ കാര്‍ഡുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ രീതിയിലാകും രൂപം നല്‍കുക.


ഡെല്‍ഹി: സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എംഇ) സംരംഭകര്‍ക്കായി സര്‍ക്കാര്‍ മെര്‍ച്ചന്റ് ക്രെഡിറ്റ് കാര്‍ഡ് (എംസിസി) അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എംഎസ്എംഇകള്‍ക്ക് ഉണ്ടാകുന്ന ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്. ഹ്രസ്വകാലത്തില്‍ കുറഞ്ഞ പലിശയ്ക്ക് ഈട് രഹിത വായ്പകള്‍ ലഭ്യമാക്കുന്ന ഈ കാര്‍ഡുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായ രീതിയിലാകും രൂപം നല്‍കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭകര്‍ക്ക് പ്രോത്സാഹനമായി വ്യാപാര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (വിസിസി) ആരംഭിക്കുന്നതിനായി എംഎസ്എംഇ മന്ത്രാലയം നേരത്തെ സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയെ(സിഡ്ബി) സമീപിച്ചിരുന്നു. കൂടുതല്‍ എംഎസ്എംഇകള്‍ ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

സിഡ്ബി നിര്‍ദ്ദേശിച്ച വിസിസിയില്‍ 20 മുതല്‍ 50 ദിവസം വരെ കാലാവധിയില്‍ പലിശ രഹിത വായ്പ, മുദ്ര വായ്പ, സൂക്ഷമ സംരംഭങ്ങള്‍ക്ക് ഡിപ്പാര്‍ട്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസസിനു (ഡിഎഫ്എസ്) കീഴില്‍ നാഷണല്‍ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റി കമ്പനിയുടെ ക്രെഡിറ്റ് ഗാരന്റി ഫണ്ടിന്റെ 85 ശതമാനം കവറേജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് നടപ്പിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ എംസിസിയുടെ ചട്ടങ്ങള്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നത്. എംസിസിക്കാവശ്യമായ ചട്ടങ്ങള്‍ തയ്യാറാക്കുന്നത് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ), ഡിഎഫ്എസ്, ആര്‍ബിഐ, വാണിജ്യ- വ്യവസായ മന്ത്രാലയം, എംഎസ്എംഇ മന്ത്രാലയം എന്നിവയെല്ലാം ചേര്‍ന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുകിട സംരംഭകര്‍ക്ക് 50 ലക്ഷം രൂപ വരെ ഗാരന്റി ഇല്ലാതെ വായ്്പ നല്‍കുക, അതിനൊപ്പം ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ സ്‌കീം എന്നിവയും ഇതിനൊപ്പം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, നോട്ട് നിരോധനം, ജിഎസ്ടി, കോവിഡ് വ്യാപനം എന്നിവയെത്തുടര്‍ന്ന് എംഎസ്എംഇകള്‍ വലിയ പ്രതിസന്ധി നേരിട്ടു. ഇതിനൊരു ആശ്വാസം എന്ന നിലയ്ക്കാണ് അടിയന്തര വായ്പ പദ്ധതി (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീം) അവതരിപ്പിച്ചത്.