18 Nov 2023 4:55 AM
Summary
- 1988-ല്‍ അല്‍ബേനിയയിലാണു മിരാ മുരാതി ജനിച്ചത്
- ടെസ് ലയില്‍ പ്രൊഡക്ട് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
- 2018-ലാണ് ഓപ്പണ്‍ എഐയില്‍ ചേര്‍ന്നത്
നവംബര്‍ 17ന് ഓപ്പണ്‍ എഐ, സിഇഒ സ്ഥാനത്തുനിന്നും സാം ആള്‍ട്ട്മാനെ പുറത്താക്കിയ വാര്‍ത്ത ടെക് ലോകത്തിന് വലിയ ഞെട്ടലാണു സമ്മാനിച്ചത്. ഓപ്പണ്‍ എഐയുടെ സഹസ്ഥാപകന്‍ കൂടിയാണു സാം ആള്‍ട്ട്മാന്‍.
2022 നവംബര്‍ 30ന് ചാറ്റ് ജിപിടി എന്ന ചാറ്റ്‌ബോട്ട് ഓപ്പണ്‍ എഐ പുറത്തിറക്കിയപ്പോള്‍ മുതല്‍ പരിചിത മുഖമായി മാറിയ ഒന്നായിരുന്നു സാം ആള്‍ട്ട്മാന്റേത്.
എന്നാല്‍ ആള്‍ട്ട്മാനിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് അറിയിച്ചു കൊണ്ടാണു കമ്പനി അദ്ദേഹത്തെ പുറത്താക്കിയത്.
തുടര്‍ന്ന് സിഇഒ സ്ഥാനത്തേയ്ക്ക് 34-കാരിയായ മിരാ മുരാതിയെ നിയമിക്കുകയും ചെയ്തു. ഇടക്കാലത്തേയ്ക്കാണു നിയമനം.
കമ്പനിയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മരാ മുരാതി ചാറ്റ് ജിപിടിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്.
1988-ല്‍ അല്‍ബേനിയയിലാണു മിരാ മുരാതി ജനിച്ചത്. ഡാര്‍ട്ട്മൗത്തിലെ തായര്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി.
എഞ്ചിനീയറിംഗ് പഠനകാലത്ത് ഹൈബ്രിഡ് റേസ് കാര്‍ നിര്‍മിച്ചിട്ടുണ്ട്.
പഠനശേഷം മുരാതി ഗോള്‍ഡ്മാന്‍ സാക്‌സില്‍ ഇന്റേണായി കുറച്ചുകാലം സേവനമനുഷ്ഠിച്ചു. പിന്നീട് സോഡിയാക് എയ്‌റോസ്‌പേസില്‍ ജോലി ചെയ്തു.
ടെസ് ലയില്‍ പ്രൊഡക്ട് മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടെസ് ലയില്‍നിന്നും 2018-ലാണ് ഓപ്പണ്‍ എഐയില്‍ ചേര്‍ന്നത്. ഒരു സ്റ്റാര്‍ട്ടപ്പില്‍ നിന്നും ഓപ്പണ്‍ എഐയെ ടെക് ലോകത്തെ ശ്രദ്ധേയ സ്ഥാപനമാക്കി മാറ്റുന്നതില്‍ മുരാതി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നു കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.