3 Oct 2023 10:48 AM GMT
Summary
100 സമ്പന്നരുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ 25 ഓളം പേര്‍ മാര്‍വാരികള്‍
മാര്‍വാരികളെ കുറിച്ച് നമ്മളില്‍ ഭൂരിഭാഗം പേരും കേട്ടിട്ടുണ്ടാകും. കുറച്ചു പേര്‍ക്കെങ്കിലും ഇവരുമായി അടുത്ത പരിചയവുമുണ്ടാകും. ബിസിനസ്സില്‍ ഏര്‍പ്പെടുന്നവരാണു ഭൂരിഭാഗം മാര്‍വാരികളും. രാജസ്ഥാനിലെ മാര്‍വാറാണ് ഇവരുടെ സ്വദേശം. ഇന്ത്യയില്‍ വിജയകരമായി മുന്നേറുന്ന ഭൂരിഭാഗം ബിസിനസ്സുകളുടെയും സ്ഥാപകരും ഉടമകളും മാര്‍വാരികളാണ്.
ഒരു ചെറുകഥ
ഒരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു എന്‍ജിനീയറോടു ചോദിച്ചു താങ്കള്‍ക്ക് എത്രകാലം കൊണ്ട് ഏറ്റവും പുതിയ ഒരു ഐഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും ?
' ഒരു മാസം ' എന്‍ജിനീയര്‍ മറുപടി പറഞ്ഞു.
ഇതേ ചോദ്യം ഡോക്ടറോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു വെറും രണ്ടാഴ്ച കൊണ്ട് ഐഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന്.
അടുത്തതായി മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത് പ്രമുഖ ബിസിനസ്സുകാരനും ധനികനുമായ ഒരു മാര്‍വാരിയോടാണ്.
വലിയ ധനികനായ താങ്കള്‍ എന്നാണ് ഒരു ഐഫോണ്‍ സ്വന്തമാക്കുന്നത് ?
അപ്പോള്‍ മാര്‍വാരി പറഞ്ഞത് ഒരു അഞ്ച് കൊല്ലം കഴിയട്ടെ, അപ്പോള്‍ ഞാന്‍ ആപ്പിള്‍ കമ്പനി സ്വന്തമാക്കും എന്നാണ്.
അതാണ് മാര്‍വാരി!
അവര്‍ ഒരു കാര്യം സ്വന്തമാക്കുന്നത് അതില്‍നിന്നും വരുമാനം നേടാന്‍ സാധിക്കുമെന്ന് ഉറപ്പാക്കിയതിനു ശേഷമായിരിക്കും. ഡംബ് കാണിക്കാനോ, ആഢംബരം പ്രകടിപ്പിക്കാനോ പണം ചെലവഴിക്കില്ല.
100 സമ്പന്നരില്‍ 25 പേര്‍ മാര്‍വാരികള്‍
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ 25 ഓളം പേര്‍ മാര്‍വാരികളാണെന്നു ഫോര്‍ബ്‌സ് മാസിക പറയുന്നു.
പ്രമുഖ വ്യവസായികളായ ആദിത്യ ബിര്‍ല, ബജാജ്, ഓഹരി വിപണിയിലെ ' ബിഗ് ബുള്‍ ഓഫ് ഇന്ത്യ ' എന്ന് അറിയപ്പെട്ടിരുന്ന രാകേഷ് ജുന്‍ജുന്‍വാല ഇവരെല്ലാവരും മാര്‍വാരികളാണ്. സ്‌നാപ് ഡീല്‍, മിന്ത്ര, ഫ്‌ളിപ്കാര്‍ട്ട്, സൊമാറ്റോ, ഒല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സ്ഥാപകരും മാര്‍വാരികളാണ്.
എന്താണ് ഇവരുടെ ബിസിനസ് രഹസ്യം ?
ഓരോന്നിന്റെയും മൂല്യം നന്നായി മനസിലാക്കുന്നവരാണ് ഇവര്‍. ചെലവഴിക്കുന്ന ഓരോ പൈസയ്ക്കും അവര്‍ കണക്ക് സൂക്ഷിക്കും. അനാവശ്യമായി പണം ചെലവഴിക്കാറില്ല മാര്‍വാരികള്‍.
മാതാപിതാക്കള്‍ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ചെറുപ്പം മുതല്‍ മക്കളെ ഗ്രൂം ചെയ്യുന്നതു കച്ചവടത്തിന്റെ ഏ,ബി,സി,ഡി പഠിപ്പിച്ചു കൊണ്ടാണ്.
ചെറിയ കടയാണെങ്കില്‍പ്പോലും തുടക്കമിട്ട് ബിസിനസ് പഠിച്ചെടുക്കാന്‍ മക്കളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കും. മക്കള്‍ വളര്‍ന്നു വരുമ്പോള്‍ കച്ചവടത്തിന്റെ വിവിധ വശങ്ങളെ കുറിച്ചു പഠിക്കാനിടയാകും.
മാര്‍വാരികള്‍ അല്ലാത്ത വിഭാഗക്കാര്‍ പൊതുവേ മക്കളെ പ്രഫഷണല്‍ യോഗ്യതയുള്ളവരാക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇവിടെയാണു മാര്‍വാരികളും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം. ബിസിനസ് എന്നത് മാര്‍വാരികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവര്‍ തലമുറകള്‍ക്ക് അത് കൈമാറുകയും ചെയ്യുന്നു. മാര്‍വാരികളുടെ മക്കള്‍ വളര്‍ന്നുവരുമ്പോള്‍ സംരംഭകത്വം എന്താണെന്നു വ്യക്തമായി മനസിലാക്കുന്നു. മറുവശത്ത് മറ്റു വിഭാഗക്കാരാകട്ടെ, മക്കളെ ചെറുപ്രായം മുതല്‍ അക്കാദമിക യോഗ്യത കൈവരിച്ച് ജോലിയില്‍ പ്രവേശിക്കാനാണ് പ്രേരിപ്പിക്കുന്നത്. അതിലൂടെ അവര്‍ ജോലിക്കാരായി മാറാനും ശ്രമിക്കുന്നു.
അവസരം കണ്ടെത്താനുള്ള കഴിവ്
രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കാറില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെ മാര്‍വാരികള്‍ക്ക് ബിസിനസ് അവസരങ്ങള്‍ കണ്ടെത്താന്‍ ആരും പറഞ്ഞുകൊടുക്കേണ്ടതുമില്ല. അവര്‍ക്ക് അവസരം കണ്ടെത്താന്‍ പ്രത്യേക കഴിവുണ്ട്. കാരണം ബിസിനസ് അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. തലമുറകളിലൂടെ കൈമാറി വരികയും ചെയ്യുന്നു. കൃത്യസമയത്ത് കൃത്യമായ ബിസിനസ് തുടങ്ങാന്‍ അവര്‍ക്ക് അറിയാം.
ചെറിയ വരുമാനത്തിലും വലിയ ശ്രദ്ധ
ചെറിയ വരുമാനമാണെങ്കില്‍ പോലും വലിയ ശ്രദ്ധ നല്‍കി ബിസിനസ്സില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്കു സാധിക്കും. ഒരു കച്ചവടം നടന്നാല്‍ ചിലപ്പോള്‍ 50 പൈസയായിരിക്കും ലാഭം ലഭിക്കുന്നത്. എങ്കിലും അവര്‍ ആ കച്ചവടത്തില്‍ നിന്നും പിന്മാറില്ല. പകരം കച്ചവടത്തിന്റെ വോള്യം കൂട്ടാന്‍ ശ്രമിക്കും.
വ്യക്തമായ ലക്ഷ്യം
ബിസിനസ്സിലേക്ക് ഒരുപാട് പേര്‍ ഇന്ന് ഇറങ്ങിത്തിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബിസിനസ് തിരഞ്ഞെടുത്തത് എന്നു ചോദിച്ചാല്‍ പലരും മറുപടി പറയുന്നത് പണം ഉണ്ടാക്കാന്‍ എന്നോ വേറെ ജോലി ഒന്നും ലഭിക്കാത്തതു കൊണ്ടോ എന്നൊക്കെയാണ്. എന്നാല്‍ ഇവരില്‍ പലരും ബിസിനസ്സ് തുടങ്ങുന്നതിനു മുന്‍പു മാര്‍ക്കറ്റിനെ കുറിച്ചു ആവശ്യമായ പഠനം നടത്താറില്ലെന്നതാണ് യാഥാര്‍ഥ്യം. ഒരു സമൂഹത്തിന് ആവശ്യമുള്ള കാര്യമെന്താണെന്നു തിരിച്ചറിഞ്ഞ് അതിന് യോജിക്കും വിധമായിരിക്കണം ബിസിനസ് തുടങ്ങേണ്ടത്. മാര്‍വാരികളെ സംബന്ധിച്ച് അവര്‍ വളരെ ചെറുപ്രായം മുതല്‍ ബിസിനസില്‍ ഏര്‍പ്പെടുന്നതിനാല്‍ വിപണിയെ കുറിച്ച് വ്യക്തമായ ധാരണ കൈവരിക്കുന്നു..അതിലൂടെ ബിസിനസ്സില്‍ വിജയിക്കുകയും ചെയ്യുന്നു.
ചെലവഴിക്കല്‍ കുറയ്ക്കും പകരം നിക്ഷേപം വര്‍ധിപ്പിക്കും
ഐഫോണ്‍ സ്വന്തമാക്കാന്‍ എത്ര കാലമെടുക്കുമെന്ന് ഒരു മാര്‍വാരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി മുകളില്‍ സൂചിപ്പിച്ചിരുന്നു. മാര്‍വാരികള്‍ പണം ചെലവഴിക്കുന്നത് ആവശ്യത്തിനു മാത്രമാണ്. നിക്ഷേപത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഒരു രൂപ നിക്ഷേപിച്ചാല്‍ എത്ര രൂപ തിരികെ ലഭിക്കുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഐഫോണ്‍ സ്വന്തമാക്കാനല്ല, പകരം ആപ്പിള്‍ കമ്പനി എങ്ങനെ സ്വന്തമാക്കുമെന്നാണ് ഓരോ മാര്‍വാരിയും ചിന്തിക്കുന്നത്. കാരണം ആപ്പിള്‍ കമ്പനി സ്വന്തമാക്കുമ്പോഴാണ് റിട്ടേണ്‍ ലഭിക്കുന്നത്.
പണം മുഖ്യം
പണം മുഖ്യമാണ് ഇക്കൂട്ടര്‍ക്ക്. വ്യക്തിപരമായതോ, ബിസിനസ്പരമായതോ ആകട്ടെ, ഇവര്‍ ചെലവഴിക്കുന്ന ഓരോ പൈസയ്ക്കും എത്ര റിട്ടേണ്‍ കിട്ടുമെന്ന് നല്ല പോലെ ചിന്തിക്കാറുണ്ട്. പകിട്ടേറിയ ജീവിതത്തിനു പിന്നാലെ ഇവര്‍ പൊതുവേ സഞ്ചരിക്കാറില്ല. പൊങ്ങച്ചം കാണിക്കാന്‍ വിലകൂടിയ കാറോ ബൈക്കോ കടം വാങ്ങാറുമില്ല.
ലാസ്റ്റ് ലാപ്പ്
ഒരിക്കല്‍ ഒരു മാര്‍വാരി ചിക്കന്‍ ബിരിയാണി മാത്രം വില്‍ക്കുന്ന ഹോട്ടല്‍ തുറന്നു. സെയില്‍സ്മാനെ നിയമിക്കാനായി അദ്ദേഹം പത്രത്തില്‍ പരസ്യം നല്‍കി. ' സെയില്‍സ്മാനെ ആവശ്യമുണ്ട്, വെജിറ്റേറിയന്‍സിനു മുന്‍ഗണന ' ഇതായിരുന്നു പരസ്യം.