26 April 2023 11:21 AM GMT
Summary
- അറ്റാദായം കുതിച്ചുയര്‍ന്നു
- 90 രൂപ ഡിവിഡന്റ്
- മൂന്ന് മാസം കൊണ്ട് അറ്റവില്‍പ്പന 30,821 .8 കോടി
വാഹന മേഖലയിലെ വന്‍കിട കമ്പനിയായ മാരുതി സുസുകി ഇന്ത്യാ ലിമിറ്റഡ് നാലാം ത്രൈമാസഫലം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ നികുതിയ്ക്ക് ശേഷമുള്ള അറ്റാദായം 42.6% ഉയര്‍ന്ന് 2,623.6 കോടി രൂപയായി. മുന്‍വര്‍ഷം സമാന പാദത്തില്‍ 1,838.9 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മൂന്ന് മാസം കൊണ്ട് 30,821.8 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് മാരുതി സുസുകി രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 25,514 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.
അതേസമയം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 113.7 ശതമാനം കുതിച്ചുയര്‍ന്ന് 8,049.2 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം 3,766.3 കോടി രൂപയായിരുന്നു. ഇതിനിടെ കമ്പനി നിക്ഷേപകര്‍ക്കുള്ള ഡിവിഡന്റും പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 90 രൂപയെന്ന തോതിലാണ് ലാഭവിഹിതം. വിപണിയില്‍ വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഉല്‍പ്പാദനം ഒരു ദശലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ന് ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി 8,487.85 രൂപയിലാണ് വ്യാപാരം നടത്തുന്നത്.