16 May 2023 6:17 AM GMT
Summary
- ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ ബാധിക്കും
- ഗ്രാമീണ ഉപഭോഗത്തിനും വരുമാനത്തിനും വെല്ലുവിളി
- ചൂടു മാറാന്‍ ജൂണ്‍ വരെ കാക്കേണ്ടി വന്നേക്കാം
ഈ വർഷം കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നത് വൈകുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ വിലയിരുത്തല്‍. മെയ് 18ന് ശേഷമാണ് ഉത്തരേന്ത്യയിൽ വര്‍ഷകാലം ആരംഭിക്കുകയെന്നും സ്‌കൈമെറ്റിന്റെ സ്ഥാപക ഡയറക്ടർ ജതിൻ സിംഗ് മണ്‍സൂണ്‍ പ്രവചനവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിൽ പറഞ്ഞു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതുവരെ മൺസൂൺ ആരംഭിക്കുന്നത് എപ്പോഴാകുമെന്ന പ്രവചനവുമായിഎത്തിയിട്ടില്ല.
ഇത്തവണ മൺസൂൺ ആരംഭം ദുർബലമായ തരത്തിലും വൈകിയുള്ളതും ആകുമെന്നാണ് സ്കൈമെറ്റ് വിലയിരുത്തുന്നത്. ഈ വർഷം ജൂൺ വരെ ചൂടുള്ള കാലാവസ്ഥ തുടരുമെന്നാണ് നിഗമനം. മണ്‍സൂണ്‍ വൈകുന്നതിന്‍റെ ഫലമായി, പ്രധാന ഖാരിഫ് വിളകളുടെ വിതയ്ക്കലും വൈകുമെന്ന് പ്രതീക്ഷിക്കുന്നതായി സിംഗ് തന്റെ ട്വിറ്റർ പോസ്റ്റിൽ കൂട്ടിച്ചേർത്തു. ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും സമ്പദ്‍വ്യവസ്ഥയെയും സംബന്ധിച്ച് വലിയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള പ്രയാണം സാധാരണഗതിയിൽ ജൂൺ 1 ന് കേരള തീരത്ത് നിന്നാണ് ആരംഭിക്കുക.
2023 ലെ മൺസൂൺ മഴ സാധാരണയിലും താഴെയായിരിക്കുമെന്ന് കഴിഞ്ഞ മാസം, സ്കൈമെറ്റ് പ്രവചിച്ചിരുന്നു. ഇത് ഗ്രാമീണ വരുമാനത്തിനും ഉപഭോഗത്തിനും സാമ്പത്തിക വളർച്ചയ്ക്കും മുന്നില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ജൂൺ-സെപ്റ്റംബർ സീസണിലെ മഴ ദീർഘകാല ശരാശരിയുടെ (എൽപിഎ) 94% ആയിരിക്കുമെന്നാണ് സ്‍കൈമെറ്റ് വിലയിരുത്തുന്നത്. അതേസമയം നാല് മാസത്തെ മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്നാണ് ഐഎംഡി വിലയിരുത്തുന്നത്.
ദീർഘകാല ശരാശരിയുടെ 96% മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ നിലവിലെ വിലയിരുത്തല്‍. 50 വർഷത്തെ മണ്‍സൂണ്‍ സീസണുകളിലെ മഴയുടെ ശരാശരിയായ 88 സെന്റീമീറ്ററിന്‍റെ 96ശതമാനത്തിനും 104ശതമാനത്തിനും ഇടയിലുള്ള മഴയെ സാധാരണ മഴ എന്നാണ് ഐഎംഡി നിർവചിക്കുന്നത്. കഴിഞ്ഞ വർഷം, മൺസൂൺ മഴ ശരാശരിയുടെ 106% ആയിരുന്നു, ഇതിന്‍റെ പ്രതിഫലനം എന്നതുപോലെ 2022-23 ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം വർധിപ്പിച്ചു.
ഐഎംഡി-യുടെ വിലയിരുത്തല്‍ പ്രകാരം മൺസൂൺ സാധാരണ നിലയിലാകുന്നതിന് 35% സാധ്യതയും, സാധാരണയിൽ താഴെയായിരിക്കാൻ 29% സാധ്യതയും, മഴയില്‍ കുറവുണ്ടാകാൻ 22% സാധ്യതയും, മൺസൂൺ സാധാരണയേക്കാൾ കൂടുതലാകാൻ 11% സാധ്യതയുമാണുള്ളത്, മഴയില്‍ ആധിക്യം ഉണ്ടാകാനുള്ള സാധ്യത 3% മാത്രമാണ്.