image

16 Jun 2023 6:07 AM

News

6 ബില്യന്‍ ഡോളറിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കി ഖത്തര്‍ ഷെയ്ഖ് ?

MyFin Desk

qatar sheikh ready acquire manchester united
X

Summary

  • ഗ്ലേസര്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ക്ലബ്ബ്
  • 20 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലോകമെമ്പാടുമായി 650 ദശലക്ഷത്തിലധികം ആരാധകരുണ്ട്‌
  • മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഹരി ഏകദേശം 7 ശതമാനം നേട്ടത്തോടെ വ്യാപാരം ക്ലോസ് ചെയ്തു


പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഖത്തറിലെ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി 6 ബില്യണ്‍ ഡോളറിലധികം (ഏകദേശം 50,000 കോടി രൂപ) മൂല്യമുള്ള വന്‍ ഇടപാടിലൂടെ സ്വന്തമാക്കിയേക്കും.

ഇതുസംബന്ധിച്ച പ്രത്യേക ചര്‍ച്ചകളില്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി ഏര്‍പ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓഹരി വില ജൂണ്‍ 15 വ്യാഴാഴ്ച ഏകദേശം 7 ശതമാനം നേട്ടത്തോടെ വ്യാപാരം ക്ലോസ് ചെയ്തു.

മാഞ്ചെസ്റ്ററിനെ ഖത്തര്‍ ഷെയ്ഖ് ഏറ്റെടുക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നിട്ട് നാളുകള്‍ ഏറെയായി. ഇതുവരെ അന്തിമതീരുമാനങ്ങളൊന്നും എടുത്തിട്ടുമില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഖത്തര്‍ ഷെയ്ഖ് ഇംഗ്ലീഷ് ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ശ്രമം നടത്തി വരികയാണ്. കഴിഞ്ഞയാഴ്ച ഖത്തര്‍ ഷെയ്ഖ് ഇതുസംബന്ധിച്ച അഞ്ചാമത്തെ ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം.

ഖത്തറിലെ മുന്‍പ്രധാനമന്ത്രിയുടെ മകനാണ് ഷെയ്ഖ് ജാസിം. ഖത്തറിലെ ഏറ്റവും വലിയ സമ്പന്നന്‍ കൂടിയായ ഷെയ്ഖ് ജാസിം ഖത്തര്‍ ഇസ്ലാമിക് ബാങ്ക് ചെയര്‍മാനുമാണ്. ഇദ്ദേഹത്തിന്റെ കണ്‍സോര്‍ഷ്യമാണ് പ്രീമിയര്‍ ലീഗിലെ വമ്പനായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ ഓഹരിയുള്ള ഗ്ലേസര്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ക്ലബ്ബ്.

ഇനിയോസ് കെമിക്കല്‍ കമ്പനിയുടെ സ്ഥാപകനായ റാറ്റ്ക്ലിഫെയും മാഞ്ചെസ്റ്ററിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ റാറ്റ്ക്ലിഫെയെക്കാള്‍ ഗ്ലേസര്‍ കുടുംബത്തിന് താല്‍പര്യം ഖത്തര്‍ ഷെയ്ഖുമായുള്ള ഇടപാടാണ്.

2006-ല്‍ 1.4 ബില്യണ്‍ ഡോളറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗ്ലേസര്‍ കുടുംബം വാങ്ങിയത്. 2015-ല്‍ ഫോബ്‌സ് പുറത്തിറക്കിയ അമേരിക്കയിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഗ്ലേസര്‍ കുടുംബവും ഉള്‍പ്പെട്ടിരുന്നു. അന്ന് ഗ്ലേസര്‍ കുടുംബത്തിന്റെ കണക്കാക്കിയ ആസ്തി 4.7 ബില്യന്‍ ഡോളറായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ഗ്ലേസര്‍ കുടുംബം സമ്പത്ത് കെട്ടിപ്പടുത്തത്. സ്‌പോര്‍ട്‌സ് ടീമുകളെ ഏറ്റെടുക്കുന്ന പ്രക്രിയകളിലും ഏര്‍പ്പെടുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മൂല്യം ഫോബ്‌സ് കണക്കാക്കുന്നത് 6 ബില്യന്‍ ഡോളറാണ്. 2023-ലെ ഫോബ്‌സിന്റെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോള്‍ ടീമുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കുമെന്ന് പറയപ്പെടുന്ന ഷെയ്ഖ് ജാസിമിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 1.2 ബില്യന്‍ ഡോളറാണ്.

6 ബില്യന് ഷെയ്ഖ് ജാസിം മാഞ്ചെസ്റ്ററിനെ സ്വന്തമാക്കിയാല്‍ അത് എക്കാലത്തെയും വലിയ കായിക ഇടപാടുകളിലൊന്നാക്കി മാറ്റും. 20 തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലോകമെമ്പാടുമായി 650 ദശലക്ഷത്തിലധികം ആരാധകരുണ്ടെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കാന്തര്‍ പറയുന്നത്.2022 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദിയായ രാജ്യമാണ് ഖത്തര്‍.