image

11 Jan 2024 6:02 AM

News

മാലദ്വീപ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബുക്കിംഗില്‍ വന്‍ ഇടിവ്

MyFin Desk

tour operators offering maldives packages at cheap prices
X

Summary

  • 2023-ല്‍ മാലദ്വീപിലെത്തിയ മൊത്തം വിനോദ സഞ്ചാരികളുടെ 11.2 ശതമാനവും ഇന്ത്യാക്കാരാണ്. ഇത് ഏകദേശം 18.42 ലക്ഷം വരും
  • വിവാദങ്ങള്‍ രൂപപ്പെട്ടെങ്കിലും ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്കുള്ള വിമാന സര്‍വീസുകളൊന്നും നിര്‍ത്തിവച്ചിട്ടില്ല
  • മാലദ്വീപ് പാക്കേജ് ബുക്കിംഗില്‍ 40 ശതമാനത്തിന്റെ ഇടിവ്


മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു പ്രതിസന്ധിയിലായിരിക്കുകയാണു ടൂര്‍ ഓപ്പറേറ്റര്‍മാര്‍.

വിവാദത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാലദ്വീപ് പാക്കേജിനുള്ള ഡിമാന്‍ഡില്‍ വന്‍ ഇടിവാണുണ്ടായത്.

ഇന്ത്യയിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ മാലദ്വീപ് പാക്കേജ് ബുക്കിംഗില്‍ 40 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസം ഡെസ്റ്റിനേഷനാണു മാലദ്വീപ്.

2023-ല്‍ മാലദ്വീപിലെത്തിയ മൊത്തം വിനോദ സഞ്ചാരികളുടെ 11.2 ശതമാനവും ഇന്ത്യാക്കാരാണ്. ഇത് ഏകദേശം 18.42 ലക്ഷം വരും.

ഡിസംബര്‍-ജനുവരി മാസങ്ങളിലാണു ഭൂരിഭാഗം പേരും മാലദ്വീപ് പാക്കേജിനായി ടൂര്‍ ഓപ്പറേറ്റര്‍മാരെ സമീപിക്കുന്നത്. എന്നാല്‍ വിവാദത്തിനു ശേഷം പലരും മാലദ്വീപ് ബുക്കിംഗ് ഒഴിവാക്കുകയാണ്. ഇതേ തുടര്‍ന്ന് പാക്കേജുകള്‍ക്ക് ഡിസ്‌ക്കൗണ്ട് ഓഫര്‍ ചെയ്ത് ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്.

ഹൈദരാബാദില്‍ നിന്നും മാലദ്വീപിലേക്ക് മൂന്ന് ദിവസത്തെ പാക്കേജിന് 55,000 മുതല്‍ 70,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇൗ പാക്കേജ് ഓഫറിനു ശേഷം 45000 രൂപയ്ക്ക് ലഭിക്കുന്നുണ്ട്.

ഹൈദരാബാദില്‍നിന്നും മാലദ്വീപിലേക്കുള്ള വിമാന നിരക്കിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 20,000 രൂപ വരെ ഈടാക്കിയിരുന്നയിടത്ത് ഇപ്പോള്‍ 12,000-15000 രൂപയാണ് ഈടാക്കുന്നത്.

ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്ക് ആഴ്ചയില്‍ 60 ഓളം ഫ്‌ളൈറ്റുകളാണു സര്‍വീസ് നടത്തുന്നത്. ഇതില്‍ 50 ഫ്‌ളൈറ്റുകളും ഇന്ത്യന്‍ വിമാനക്കമ്പനികളുടേതാണ്.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയവയാണ് നിലവില്‍ മാലദ്വീപിലേക്കു സര്‍വീസ് നടത്തുന്ന ഏതാനും വിമാന കമ്പനികള്‍. വിവാദങ്ങള്‍ രൂപപ്പെട്ടെങ്കിലും ഇന്ത്യയില്‍ നിന്നും മാലദ്വീപിലേക്കുള്ള വിമാന സര്‍വീസുകളൊന്നും നിര്‍ത്തിവച്ചിട്ടില്ല.