5 Sep 2023 11:30 AM GMT
Summary
- ഒക്ടോബര്‍ അഞ്ചുമുതലാണ് ലോകകിരീട പോരാട്ടങ്ങള്‍ ആരംഭിക്കുക
- നവംബര്‍ 19 നാണ് ഫൈനല്‍
- കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താനാണ് കമ്പനിയുടെ ശ്രമം
ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു സവിശേഷ വികാരമാണ്. ക്രിക്കറ്റിനെപ്പറ്റിയുള്ളതെല്ലാം ഇവിടെ വാര്‍ത്തകളാകുന്നു. മികവുപുലര്‍ത്തുന്നവരെ ഈശ്വരന്‍മാര്‍ക്കൊപ്പം പ്രതിഷ്ഠിക്കുന്നു. ജനകോടികള്‍ക്ക് ലഹരിയും ആവേശവുമാണ് ക്രിക്കറ്റ് മത്സരങ്ങള്‍. അതുകൊണ്ടുതന്നെ ക്രിക്കറ്റ് മത്സരങ്ങളെ പിന്തുണക്കാന്‍ വന്‍കമ്പനികള്‍ രംഗത്തുവരുന്നത് സ്വാഭാവികമാണ്. ഇവിടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ക്രിക്കറ്റിന്റെ ഉത്സവത്തിലേക്ക് ഇറങ്ങുകയാണ്.
അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിന് സ്റ്റാര്‍ സ്പോര്‍ട്സിന്റെ അസോസിയേറ്റ് സ്പോണ്‍സര്‍ ആയാണ് കമ്പനിയുടെ വരവ്. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ബ്രോഡ്കാസ്റ്റ് അസോസിയേറ്റ് സ്പോണ്‍സര്‍ എന്ന നിലയിലും ഡിസ്നി+ഹോട്സ്റ്റാറിന്റെ സഹ-പവേര്‍ഡ് സ്പോണ്‍സര്‍ എന്ന നിലയിലുമാണ് കമ്പനി പ്രവര്‍ത്തിക്കുക. ഇത് ഉടനീളമുള്ള പ്രേക്ഷകരിലേക്ക് എത്താന്‍ കമ്പനിയെ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം) പറഞ്ഞു.
വരുന്നത് ലോകകപ്പാകുമ്പോള്‍ മഹീന്ദ്രയുടെ നീക്കത്തിന് പ്രധാന്യമേറെയാണ്. ലോകകിരീട പോരാട്ടത്തിന്റെ ആവേശം ഉപഭൂഖണ്ഡത്തില്‍ നിറഞ്ഞൊഴുകും. ഒക്ടോബര്‍ അഞ്ചുമുതല്‍ രാജ്യത്തെ ജനത ഈ മത്സരങ്ങള്‍ക്കൊപ്പമായിരിക്കും. അവരുടെ ഊണും ഉറക്കവും മത്സരങ്ങളുടെ സമയക്രമം അനുസരിച്ചാകും. ഇന്ത്യയില്‍ ഈ കാലം ഉത്സവ സീസണ്‍ കൂടിയാണ്. അതിനൊപ്പം ഇരട്ടിമധുരമായാണ് ലോകകപ്പ് എത്തുന്നത്.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിനിവേശവുമായി ആഴത്തില്‍ ബന്ധപ്പെടാനുള്ള കമ്പനിയുടെ ദൗത്യത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ സ്‌പോണ്‍സര്‍ഷിപ്പ് എന്നാണ് എം ആന്‍ഡ് എം എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേഷ് ജെജുരിക്കര്‍ പ്രതികരിച്ചത്. ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. നവംബര്‍ 19 ന് ഫൈനല്‍ നടക്കും. ഈ കാലം ഇന്ത്യയില്‍ ഉത്സവ സമാനമാകുകയാണ്. അതിലേക്കാണ് മഹീന്ദ്രയും എത്തുന്നത്.