26 Feb 2025 4:35 AM GMT
Summary
- രാവിലെ 6 മണിയോടെ സ്‌നാനം നടത്തിയവരുടെ സംഖ്യ 41ലക്ഷം കടന്നു
- മഹാകുഭത്തില്‍ 65 കോടിയിലധികം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി കണക്കുകള്‍
വിശ്വാസത്തിന്റെയും ഭക്തിയുടെയും മഹത്തായ കാഴ്ചയായ മഹാ കുംഭമേള മഹാശിവരാത്രി ദിനത്തില്‍ സമാപിക്കുന്നു. വേദ കലണ്ടര്‍ പ്രകാരം മഹാ ശിവരാത്രി ഫെബ്രുവരി 26 ന് രാവിലെ 11:08 ന് ആരംഭിച്ച് ഫെബ്രുവരി 27 ന് രാവിലെ 08:54 ന് അവസാനിക്കും. 45 ദിവസം നീണ്ടുനിന്ന പുണ്യസ്‌നാന ചടങ്ങുകള്‍ക്കാണ് ഇതോടെ സമാപനമാകുന്നത്.
ഫെബ്രുവരി 27 ന് രാവിലെ 8 മണി വരെയോ അല്ലെങ്കില്‍ ജനക്കൂട്ടം അവസാനിക്കുന്നതുവരെയോ മഹാകുംഭമേള പ്രദേശത്ത് അഡ്മിനിസ്‌ട്രേറ്റീവ്, മെഡിക്കല്‍ വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാത്തരം വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തി. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാഹാ കുംഭമേള ജനുവരി 13-നാണ് ആരംഭിച്ചത്.
മഹാകുഭത്തില്‍ ഏകദേശം 65 കോടിയിലധികം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി കണക്കുകള്‍ പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ 4 മണി മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം സ്‌നാനത്തിന് മേല്‍നോട്ടം വഹിക്കുന്നു. എക്സിലെ ഒരു പോസ്റ്റില്‍, മഹാശിവരാത്രിയിലെ പുണ്യസ്‌നാനത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്ക് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പുലര്‍ച്ചെ 2 മണിയോടെ 11.66 ലക്ഷത്തിലധികം ഭക്തര്‍ സംഗമത്തില്‍ എത്തി. രണ്ട് മണിക്കൂറിനുള്ളില്‍ ഈ സംഖ്യ 25.64 ലക്ഷമായി ഉയര്‍ന്നു. രാവിലെ 6 മണിയോടെ ഏകദേശം ഇരട്ടിയായി 41.11 ലക്ഷമായി.
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിച്ചു. പശ്ചിമ ബംഗാള്‍, കര്‍ണാടക, ബീഹാര്‍ എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുത്തതിനാല്‍ തിരക്ക് ഒഴിവാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചു.
2025 ലെ മഹാ കുംഭമേളയില്‍ ആകെ എത്തിയവരുടെ എണ്ണം ഏകദേശം 65 കോടിയായി. ഇന്ത്യയും ചൈനയും ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണിതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
മേള പ്രദേശത്ത് 'വാഹന നിരോധന മേഖല' നടപ്പിലാക്കുകയും 2025 ലെ മഹാ കുംഭമേള സുഗമമായി സമാപിക്കുന്നതിനായി കര്‍ശനമായ ജനക്കൂട്ട നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുകയും ചെയ്തു. ഘാട്ടുകളിലും പ്രധാന ശിവാലയങ്ങളിലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് വിപുലമായ പോലീസ് വിന്യാസവും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ഡിഐജി (കുംഭ്) വൈഭവ് കൃഷ്ണ പറഞ്ഞു.