13 Dec 2024 3:27 PM GMT
ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് നാളെ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്ക് ശനിയാഴ്ച വെകുന്നേരം നാല് മണിക്ക് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക. ലുലു ഗ്രൂപ്പിന്‍റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാളാണ് കോട്ടയം മണിപ്പുഴയിൽ സജ്ജമായിരിക്കുന്നത്.
രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്. കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.
കോട്ടയം മണിപ്പുഴയിൽ നാളെ രാവിലെ 11.30ന് മന്ത്രി വി.എൻ. വാസവൻ മാളിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തും. എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി സ്വാഗതം പറയും. കൂടാതെ ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.