image

14 Oct 2024 3:50 PM GMT

News

വീട് ജപ്തി ചെയ്തു; വഴിയാധാരമായ കുടുംബത്തിന് സഹായഹസ്തവുമായി യൂസഫലി

MyFin Desk

വീട് ജപ്തി ചെയ്തു; വഴിയാധാരമായ കുടുംബത്തിന് സഹായഹസ്തവുമായി യൂസഫലി
X

എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും സഹായഹസ്തമായി ലുലു ഗ്രൂപ്പ്. കുടുംബത്തിൻ്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് കൊച്ചി ലുലു ഗ്രൂപ്പ് അറിയിച്ചു. നോർത്ത് പറവൂർ വടക്കേക്കര കണ്ണഴത്ത് വീട്ടിൽ സന്ധ്യയുടെ ദുരവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധയിൽപെട്ടതോടെ ഒരു രാത്രിപോലും കുടുംബത്തെ പുറത്തുകിടക്കാൻ അനുവദിക്കരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി നിർദേശം നൽകുകയായിരുന്നു. അതേസമയം ബാങ്കിൻ്റെ പ്രവർത്തന സമയം അവസാനിച്ചതിനാൽ നാളെ തന്നെ മുഴുവൻ ബാധ്യതയും തീർക്കാമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചു.

മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. 2019 ലാണ് വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപ വായ്പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് സന്ധ്യ.