5 Dec 2024 10:22 AM GMT
Summary
- അടുത്ത ബജറ്റില്‍ നിലവിലെ സബ്സിഡി തുടരുകയും പുതിയത് പ്രഖ്യാപിക്കുകയും ചെയ്‌തേക്കും
- സബ്‌സിഡിക്കായി ഏകദേശം 17,000 കോടി രൂപ അനുവദിക്കണമെന്ന് പെട്രോളിയം മന്ത്രാലയം
എല്‍പിജി വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. അടുത്ത ബജറ്റില്‍ നിലവിലെ സബ്സിഡി തുടരുകയും പുതിയ സബ്‌സിഡി പ്രഖ്യാപിക്കുകയും ചെയ്‌തേക്കുമെന്നാണ് സൂചന.
2025-26 ബജറ്റില്‍ എല്‍പിജി, പിഎന്‍ജി ഉപഭോക്താക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കാര്യമായ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയരുത്തല്‍. എല്‍പിജി സബ്‌സിഡിക്കായി ഏകദേശം 17,000 കോടി രൂപ അനുവദിക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബജറ്റില്‍ പിഎന്‍ജി കണക്ഷനുകള്‍ക്കായി ഒരു പുതിയ സബ്സിഡി പ്രോഗ്രാം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഈ തുക ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കായി 2025 മാര്‍ച്ചിനുശേഷവും നിലവിലുള്ള സബ്‌സിഡി നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍, 10 കോടി ഉജ്ജ്വല ഉപഭോക്താക്കള്‍ക്ക് ഒരു എല്‍പിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കുന്നുണ്ട്. ഇത് തുടരുന്നതിനാവശ്യമായ തുകയാണ് ഓയില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
എല്‍പിജിയിലെ ആശ്വാസ നടപടികള്‍ക്ക് പുറമേ പിഎന്‍ജി കണക്ഷനുകള്‍ക്ക് പുതിയ സബ്‌സിഡി ചട്ടക്കൂട് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുദ്ധമായ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി കണക്ഷന്‍ ചാര്‍ജുകളും സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദ്ദിഷ്ട പിഎന്‍ജി സബ്‌സിഡി.