2 Nov 2023 3:55 PM
മുഖ്യമന്ത്ര പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി. വീണ വിജയന്റെ കമ്പനിയും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടില്‍ (സിഎംആര്‍എല്‍) ലിമിറ്റഡും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആരോപണങ്ങളിലാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ച അഖില്‍ മോഹനാണ് മൂവാറ്റുപുഴ വിജലന്‍സ് കോടതി പ്രാഥമിക അന്വേഷണം നടത്താതെ ഹര്‍ജി തള്ളിയത് തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാട്ടിയത്. കൂടാതെ ഖനന കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നേരത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. അതുകൊണ്ട് കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസിലെ പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു സെപ്റ്റംബറില്‍ മരിച്ചിരുന്നു. കേസ് പിന്തുടരാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഖനന കമ്പനിയും വീണയുടെ ഐടി കമ്പനിയും തമ്മിലുള്ള മാസപ്പടി വിവാദം കുറച്ചു നാളുകളായി ആരംഭിച്ചിട്ട്. ഇത് സംബന്ധിച്ച തെളിവുകളടക്കം പ്രതിപക്ഷ നേതാക്കള്‍ പുറത്തു കൊണ്ടുവന്നിരുന്നു.