26 Dec 2023 9:11 AM
Summary
നെറ്റിപ്പട്ടം, തിടമ്പ്, ആലവട്ടം എന്നിവ നിര്‍മിച്ചാണ് കവിത സുദേവന്‍ മേളയില്‍ ശ്രദ്ധ നേടുന്നത്
ഗോത്ര പാരമ്പര്യമുള്ള, സ്വന്തമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായി പാലക്കാട് നിന്നുമെത്തിയ കവിത സുദേവനും ശാന്തകുമാരിയും കൊച്ചി ദേശീയ സരസ് മേളയില്‍ ശ്രദ്ധേയരായി.
പെരുമാട്ടി പഞ്ചായത്തില്‍ നിന്നും എത്തിയ ഗോത്ര വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇരുവരും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയിലൂടെയാണ് തങ്ങളുടെ പ്രവര്‍ത്തന മേഖല കണ്ടെത്തിയത്.
പരിസ്ഥിതിക്ക് അനുയോജ്യമായ കയര്‍ കൊണ്ടുള്ള ചവിട്ടിയാണ് ശാന്തകുമാരിയും സഹപ്രവര്‍ത്തകരും നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം മൂലമുള്ള പാരിസ്ഥിതി പ്രശ്‌നങ്ങളെ പരമാവധി തടയുക എന്ന ലക്ഷ്യത്തോടെയാണ് ചകിരി ഉപയോഗിച്ച് ചവിട്ടി നിര്‍മിക്കുന്നത്. തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തു നിന്നുമാണ് നിര്‍മാണത്തിനാവശ്യമായ ചകിരി കൊണ്ടുവരുന്നത്. നാല് വര്‍ഷമായി കുടുംബശ്രീ അംഗങ്ങളായ ശാന്തകുമാരിയും കൂട്ടാളികളും ചവിട്ടി നിര്‍മ്മിക്കുന്നു.
അലങ്കാര വസ്തുക്കളായ നെറ്റിപ്പട്ടം, തിടമ്പ്, ആലവട്ടം എന്നിവ പല വലുപ്പത്തില്‍ സ്വന്തം കൈകള്‍ കൊണ്ട് നിര്‍മിച്ചാണ് കവിത സുദേവന്‍ സരസ് മേളയില്‍ ശ്രദ്ധ നേടുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ കേട് പാടില്ലാത്ത നിലനില്‍ക്കും. തിരുവനന്തപുരത്തു നടന്ന കേരളീയത്തിലൂടെയാണ് ആദ്യമായി തന്റെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തിച്ചതെന്നും കുടുംബശ്രീയുടെ സഹായത്തോടെ കര്‍മ്മ മേഖല കൂടുതല്‍ വ്യാപിപ്പിക്കാനായെന്നുമുള്ള സംതൃപ്തിയിലാണു കവിത.