28 Jan 2025 10:07 AM GMT
സംസ്ഥാനത്ത് 15 മാസത്തിന് ശേഷം മദ്യവിലയിൽ വർധന. പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില കൂട്ടിയത്. ബിയറുകൾക്ക് 20 രൂപ വരെയും വർധിപ്പിച്ചിട്ടുണ്ട്. 700 രൂപക്ക് മുകളിലേക്ക് വിലയുള്ള മദ്യത്തിന് 30 രൂപ മുതൽ 50 രൂപ വരെ കൂടും.
സ്പിരിറ്റിന് വില കൂടിയതും അസംസ്കൃത വസ്തുക്കൾക്കുണ്ടായ വില വര്‍ധനയും പരിഗണിച്ച് മദ്യത്തിന്റെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
സംസ്ഥാനത്ത് 120 കമ്പനികളാണ് മദ്യം വിതരണം ചെയ്യുന്നത്. ഇതിൽ 62 കമ്പനികൾ വിതരണം ചെയ്യുന്ന 341 ബ്രാൻഡുകളുടെ വിലയാണ് വർദ്ധിക്കുന്നത്. ഇതോടൊപ്പം 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറക്കുകയും ചെയ്തിട്ടുണ്ട്.
വില വർധിപ്പിച്ച മദ്യങ്ങളുടെ പട്ടികയിൽ ജനപ്രിയ ബ്രാൻഡ് ആയ ജവാനും ഉൾപ്പെട്ടിട്ടുണ്ട്. ജവാന് 10 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും.