21 Oct 2023 7:34 AM
Summary
- സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമടക്കം 5 .38കോടിരൂപയുടെ സ്വത്തുക്കളാണ് ഈഡി കണ്ടുകെട്ടിയത്
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടു പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്. ഈ കേസിലെ ഏഴാം പ്രതിയും യൂണിടക്ക് എംഡിയുമായിരുന്ന സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമടക്കം 5.38 കോടിരൂപയുടെ സ്വത്തുക്കളാണ് ഈഡി കണ്ടുകെട്ടിയത്.
പ്രളയബാധിതർക്ക് വീട് വെച്ച് നൽകാനുള്ള ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴവാങ്ങിയാതായിരുന്നു കേസ്. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണ് സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇ.ഡിയുടെ കേസ്. ഇതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിൽ കണ്ടെത്തിയ തുകയെന്ന് സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും ഈ പണം ഇഡി കണ്ടെത്തിയത്. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദോഗസ്ഥർക്കും പങ്കുണ്ടെന്നു ആരോപണം ഉയരുന്നതിനു പിന്നാലെയാണ് ഈഡി അന്യോഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇഡി കേസിന്റെ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികളിലൊരാളായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ് ചെയ്തിരുന്നു. സ്വപ്ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ശിവശങ്കറിനെ അറസ്റ് ചെയ്തത്. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നായിരുന്നു സ്വപ്ന ഇഡിക്ക് നൽകിയ മൊഴി.