രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ പി ഒ യ്ക്ക് നിശ്ചയിച്ച സമയം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുമോ? ഒരു ലക്ഷം കോടിയോളം രൂപ ലക്ഷ്യം...
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐ പി ഒ യ്ക്ക് നിശ്ചയിച്ച സമയം കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കുമോ? ഒരു ലക്ഷം കോടിയോളം രൂപ ലക്ഷ്യം വയ്ക്കുകയും പിന്നീട് 75,000 ആക്കി കുറയ്ക്കുകയും ചെയ്ത എല്‍ ഐ സി ഐ പി ഒ യ്ക്ക് നിശ്ചയിച്ച സമയം യുക്രെയ്ന്‍ യുദ്ധ പ്രതിസന്ധിയില്‍ അകപ്പെട്ടു പോയി എന്നതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വിഷമിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യത്തിന് ഇനി സര്‍ക്കാരിന് മുന്നിലുള്ളത് ദിവസങ്ങള്‍ മാത്രം. ഇതാണ് യുക്രെയ്ന്‍ യുദ്ധത്തില്‍ ആടി ഉലയുന്നത്.
യുക്രെയ്ന്‍ പ്രതിസന്ധിയില്‍ ആഗോള മാര്‍ക്കറ്റില്‍ ചാഞ്ചാട്ടം തുടരുകയും ഇന്ത്യന്‍ വിപണയില്‍ അതിന്റെ അലയൊലികള്‍ ആഞ്ഞടിക്കുകയും ചെയ്യുമ്പോള്‍ ഐ പി ഒ -യ്ക്കിറങ്ങുന്നത് ബുദ്ധിയാകില്ലെന്നാണ് സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ ഉന്നയിക്കുന്ന വാദം. വിപണിതകര്‍ച്ചയില്‍ നിക്ഷേപകര്‍ ഓടിയൊളിക്കുമ്പോള്‍ 'പ്രസ്റ്റീജിയസ് ഐ പി ഒ' പൂര്‍ണ ലക്ഷ്യം കാണുമോ എന്ന ആശങ്ക സര്‍ക്കാരിനുമുണ്ട്. മാര്‍ച്ച് പകുതിയോടെ വിപണിയിലിറങ്ങാം എന്നായിരുന്നു നേരത്തേ തീരുമാനം.
നീട്ടാം
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ അമാന്തമുണ്ടാകില്ലെന്ന തരത്തില്‍ ധനമന്ത്രി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഐ പി ഒ സമയം തീരുമാനിച്ചതെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആഗോള പ്രതിസന്ധി ആവശ്യപ്പെട്ടാല്‍ പുനഃപരിശോധന നടത്താന്‍ മടിക്കില്ലെന്ന തരത്തിലുള്ള പ്രതികരണവും ധനമന്ത്രി ഒരു ഇന്റര്‍വ്യൂവില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ഡീമാറ്റിൽ പുരോഗതി കുറവ്
വിപണിയില്‍ ഇറക്കുന്ന ഓഹരികളുടെ 10 ശതമാനം എല്‍ ഐ സി പോളിസി ഉടമകള്‍ക്ക് നീക്കി വച്ചിട്ടുണ്ട്. എല്‍ ഐ സിയുടെ അഞ്ച് ശതമാനം ഓഹരികളാണ് മാര്‍ക്കറ്റില്‍ ഇറക്കുന്നത്. 600 കോടി ഓഹരികളില്‍ ഏകദേശം 32 കോടിയാണ് വില്‍ക്കാന്‍ വച്ചിരിക്കുന്നത്. ഐ പി ഒ യില്‍ പങ്കെടുക്കുന്നതിന് പോളിസി ഡീമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ എല്‍ ഐ സി അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചെയ്തവരുടെ എണ്ണം പ്രതീക്ഷിച്ച പോലെ ഉയരുന്നില്ല എന്നത് ഒരു ആശങ്കയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
2000 ത്തിന് വിറ്റ് പോകുമോ?
മാര്‍ക്കറ്റ് തകര്‍ച്ച നേരിടുമ്പോള്‍ സര്‍ക്കാര്‍ ഉദേശിച്ച പ്രൈസിംഗ് അസാധ്യമാകുമെന്നും അത് ലക്ഷ്യമിട്ട 75,000 കോടിയിലേക്കെത്തിക്കാന്‍ തടസമുണ്ടാക്കുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്. നിലവില്‍ ഓഹരി ഒന്നിന് പ്രതീക്ഷിക്കുന്ന വില 2000-2100 രൂപയാണ്. ഇടിയുന്ന മാര്‍ക്കറ്റില്‍ ഈ വില കുറയ്‌ക്കേണ്ടി വരുമെന്നാണ് ആശങ്ക. അങ്ങനെ വന്നാല്‍ ലക്ഷ്യമിട്ട 75,000 കോടി ശേഖരിക്കാനാവാതെ വരും.
മാർച്ച് മാസം നിർബന്ധിക്കുന്നു
ഇപ്പോള്‍ തന്നെ വരുമാന ശോഷണം അനുഭവിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഐ പി ഒ കളക്ഷന്‍ നടത്തേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 2021 ലെ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത് 1.75 ലക്ഷം കോടിയാണ്. അത് നടക്കാതെ വന്നപ്പോഴാണ് ലക്ഷ്യം 78,000 കോടിയിലേക്ക് താഴ്ത്തിയത്. ഈ തുക പിരിച്ച് ധന കമ്മി കുറയ്ക്കാന്‍ ഒറ്റ മാസമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതാണ് യുക്രെയ്‌നില്‍ തട്ടി തകരുന്നത്.