image

13 Sep 2023 6:30 AM GMT

News

വായ്പാതിരിച്ചടവ് കഴിഞ്ഞു 30 ദിവസങ്ങള്‍ക്കകം രേഖകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ 5000 രൂപ ദിവസ പിഴ

MyFin Desk

loan repayment penalty if documents are not returned within 30 days
X

Summary

  • രേഖകള്‍ തിരികെ നല്‍കിയില്ലെങ്കില്‍ ദിവസം 5000 രൂപ നഷ്ടപരിഹാരം
  • ഉത്തരവാദിത്തമുള്ള വായ്പാ പെരുമാറ്റം പ്രോത്സാഹിപ്പിക്കണം


വായ്പാ തിരിച്ചടവിനും സെറ്റില്‍മെന്റിനുംശേഷം 30ദിവസത്തിനകം ഈടായി വാങ്ങിയ പ്രോപ്പര്‍ട്ടി ഡോക്യുമെന്റുകള്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തിരികെ നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. മുപ്പതു ദിവസത്തിനുള്ളില്‍ രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ജുകള്‍ നീക്കം ചെയ്യണമെന്നും ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. വായ്പക്കാരുടെ ആസ്തി രേഖകള്‍ നഷ്ടപ്പെടുത്തിയാല്‍ ഇനി മുതല്‍ ബാങ്കുകള്‍ പിഴയൊടുക്കേണ്ടിയും വരും.

മുപ്പതു ദിവസത്തിനപ്പുറമുള്ള കാലതാമസത്തിന്റെ ഓരോ ദിവസത്തിനും 5,000 രൂപ നഷ്ടപരിഹാരം നല്‍കണം. കാലതാമസത്തിനുള്ള കാരണങ്ങള്‍ ബാങ്കുകള്‍ കടം വാങ്ങുന്നയാളുമായി ആശയവിനിമയം നടത്തുകയും വേണം. 2023 ഡിസംബര്‍ ഒന്നിനോ അതിന് ശേഷമോ ഒറിജിനല്‍ ജംഗമ/സ്ഥാവര സ്വത്ത് രേഖകള്‍ തിരികെ നല്‍കുന്ന എല്ലാ കേസുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

കടം വാങ്ങുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ബാങ്കുകള്‍ക്കിടയില്‍ ഉത്തരവാദിത്തമുള്ള വായ്പാ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ഫെയര്‍ പ്രാക്ടീസ് കോഡിന്റെ അടിസ്ഥാനത്തില്‍, എല്ലാ ജംഗമ/സ്ഥാവര സ്വത്തു രേഖകളും തിരികെ നല്‍കേണ്ടതുണ്ട്. ഇത്തരം ജംഗമ/സ്ഥിര സ്വത്ത് രേഖകള്‍ തിരികെ നല്കുന്നതില്‍ വായ്‌പ കൊടുക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ വ്യത്യസ്തമായ സമ്പ്രദായങ്ങള്‍ പിന്തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പരാതികള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെക്കുന്നതായി ആര്‍ ബിഐ പറയുന്നു.

ലോണ്‍ അക്കൗണ്ട് സര്‍വീസ് ചെയ്ത ബാങ്കിംഗ് ഔട്ട്‌ലെറ്റില്‍നിന്നോ, ബ്രാഞ്ചില്‍ നിന്നോ ലഭ്യമാകുന്ന രേഖകള്‍ സ്ഥാപനങ്ങളുടെ മറ്റേതെങ്കിലും ഓഫീസില്‍ നിന്ന് രേഖകള്‍ ശേഖരിക്കാനുള്ള ഓപ്ഷന്‍ കടം വാങ്ങുന്നയാള്‍ക്ക് ലഭിക്കുകയും വേണം.

വായ്പക്കാരന്റെയോ കൂട്ടുവായ്പക്കാരുടെയോ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിയമപരമായ അവകാശികള്‍ക്ക് സ്വത്ത് രേഖകള്‍ തിരികെ നല്‍കുന്നതിനും ബാങ്കുകള്‍ക്ക് കൃത്യമായ നടപടിക്രമം ഉണ്ടാവുകയും വേണം. സാധാരണയായി വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ യഥാര്‍ത്ഥ ആസ്തി രേഖകള്‍ സമര്‍പ്പിക്കുവാന്‍ ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ കൃത്യമായി വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കിയിട്ടും ബാങ്കില്‍ നിന്ന് രേഖകള്‍ തിരികെ ലഭിക്കാന്‍ ദീര്‍ഘകാലം എടുത്തതായി കാണിച്ച് നിരവധി ഉപഭോക്താക്കള്‍ ആര്‍ബിഐക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശങ്ങള്‍.

ആസ്തികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനും ഉടമസ്ഥത സംബന്ധിച്ച നിയമ വ്യവഹാരങ്ങളില്‍ പരിഹാരം കാണുന്നതിനും യഥാര്‍ത്ഥ ആസ്തി രേഖകള്‍ നിര്‍ണായകമാണ്. ഭാവിയിലെ കൈമാറ്റം, ആസ്തിയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കും യഥാര്‍ത്ഥ ആസ്തി രേഖകള്‍ ആവശ്യമായി വരുന്നു.