image

25 Aug 2024 11:29 AM

News

ധാരാവി ചേരി പുനര്‍നിര്‍മ്മാണം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

MyFin Desk

will the dharavi project by the way forward
X

Summary

  • വിവിധ പ്രാദേശിക, ഫെഡറല്‍ ഏജന്‍സികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഭൂമി ലഭിക്കുന്നതില്‍ തടസം
  • സര്‍ക്കാര്‍ ഭൂമി കൈമാറുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ്
  • പദ്ധതിയുടെ പ്രോജക്ട് ഡെവലപ്പര്‍ മാത്രമാണ് അദാനി ഗ്രൂപ്പ്


അദാനിയുടെ ധാരാവി ചേരി പുനര്‍നിര്‍മ്മാണ പദ്ധതി പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ ധാരാവിയില്‍ പുനരധിവാസത്തിനായി ഭൂമികണ്ടെത്തുന്നതിന് ഇന്ന് കമ്പനി പാടുപെടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ധാരാവി പദ്ധതി, മധ്യ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്റ്റിന് സമീപമുള്ള വിശാലമായ ചേരി പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നു. റിയല്‍റ്റി ഭീമന്‍മാരായ ഡിഎല്‍എഫും നമാന്‍ ഡെവലപ്പേഴ്സും ഉള്‍പ്പെട്ട മത്സരാധിഷ്ഠിത ബിഡ്ഡിന് ശേഷം 2022 നവംബറില്‍ അദാനി പ്രോപ്പര്‍ട്ടീസിന് ടെന്‍ഡര്‍ നല്‍കി.

വീട് നിര്‍മ്മിക്കുന്നതിന്, കൂടുതല്‍ ഭൂമിക്കായി അദാനി സംയുക്ത സംരംഭം വിവിധ പ്രാദേശിക, ഫെഡറല്‍ ഏജന്‍സികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ ഒന്നും അനുവദിച്ചു നല്‍കിയിട്ടില്ലെന്ന് ധാരാവി പുനര്‍നിര്‍മ്മാണ അതോറിറ്റി മേധാവി എസ് വി ആര്‍ ശ്രീനിവാസ് പറയുന്നു.

അത്തരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അവരുടേതായ പദ്ധതികള്‍ ഉള്ളതിനാലും അത് വിട്ടുനല്‍കാന്‍ തയ്യാറല്ലാത്തതിനാലും പ്രതിസന്ധി നീളുന്നു.

കോടികള്‍ വിലമതിക്കുന്ന ധാരാവി ചേരി പുനര്‍വികസന പദ്ധതിയില്‍ ഭൂമി കൈമാറുന്നത് അദാനി ഗ്രൂപ്പിനല്ല, മറിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ്. പ്രോജക്ട് ഡെവലപ്പറായി പ്രവര്‍ത്തിക്കുന്ന അദാനി ധാരാവി നിവാസികള്‍ക്ക് മാത്രമേ വീടുകള്‍ നിര്‍മ്മിക്കൂ.

ഈ വീടുകള്‍ താമസക്കാര്‍ക്ക് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളിലേക്ക് തിരികെ മാറ്റുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ബിഡ്ഡിംഗ് വഴിയാണ് ധാരാവി ചേരി പുനര്‍വികസന പദ്ധതി അദാനി ഗ്രൂപ്പ് നേടിയത്. മഹാരാഷ്ട്ര സര്‍ക്കാരുമായി സഹകരിച്ച് അവരുടെ സംയുക്ത സംരംഭമായ ധാരാവി റീഡെവലപ്മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് (ഡിആര്‍പിപിഎല്‍) മുഖേന അവര്‍ ഭവന, വാണിജ്യ യൂണിറ്റുകള്‍ നിര്‍മ്മിക്കും.

നിര്‍മ്മിച്ചുകഴിഞ്ഞാല്‍, ഈ യൂണിറ്റുകള്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ധാരാവി പുനര്‍വികസന പദ്ധതി/ചേരി പുനരധിവാസ അതോറിറ്റിക്ക് സര്‍വേ ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഹിതത്തിനായി കൈമാറും.

അതേസമയം ടെന്‍ഡര്‍ വ്യവസ്ഥകള്‍ അനുസരിച്ച്, സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സ്രോതസുകള്‍ പറയുന്നു. ഇത് തെറ്റിധാരണ പുറത്തുകൊണ്ടുവരികയാണ്.

ധാരാവി പുനര്‍വികസന പദ്ധതിയില്‍, 350 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ലാറ്റുകള്‍ അനുവദിക്കും, ഇത് മുംബൈയിലെ മറ്റ് എസ്ആര്‍എ സ്‌കീമുകളില്‍ സാധാരണയായി നല്‍കുന്നതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്

10 വര്‍ഷത്തെ സൗജന്യ അറ്റകുറ്റപ്പണിയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു, കൂടാതെ ഹൗസിംഗ് സൊസൈറ്റികള്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കിക്കൊണ്ട് പാര്‍പ്പിട പരിസരത്ത് 10 ശതമാനം വാണിജ്യ ഇടം അനുവദിക്കുകയും ചെയ്യുന്നു. യോഗ്യരായ ബിസിനസുകള്‍ക്ക് ഇത് അര്‍ഹമാകും.