image

22 Feb 2024 11:16 AM

News

ഉച്ചയൂണ് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാം; കുടുംബശ്രീ പദ്ധതി ഉദ്ഘാടനം 5 ന്

Antony Shelin

ഉച്ചയൂണ് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാം; കുടുംബശ്രീ പദ്ധതി ഉദ്ഘാടനം 5 ന്
X

Summary

  • 8 പേര്‍ ആദ്യ ഘട്ടത്തില്‍ ഡെലിവറിക്കുണ്ടാകും
  • ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ പോക്കറ്റ് മാര്‍ട്ട് എന്നൊരു ആപ്പ് വികസിപ്പിച്ചു
  • രണ്ട് വിഭാഗങ്ങളിലായിരിക്കും ഊണ് ലഭ്യമാവുക


കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് ആരംഭിക്കുന്നു.ആദ്യ ഘട്ടത്തില്‍ ഉച്ചയൂണ് മാത്രമായിരിക്കും ലഭ്യമാക്കുക. പിന്നീട് വിവിധ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചു നല്‍കും.

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ പോക്കറ്റ് മാര്‍ട്ട് എന്നൊരു ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്താല്‍ കുടുംബശ്രീയുടെ തന്നെ ഡെലിവറി എക്‌സിക്യുട്ടീവുകള്‍ ഡെലിവറി ചെയ്യുന്ന രീതിയിലാണ് സേവനം ലഭ്യമാക്കുക.

ഉദ്ഘാടനം 2024 മാര്‍ച്ച് 5-ന് തിരുവനന്തപുരത്ത് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. പോക്കറ്റ് മാര്‍ട്ട് ആപ്പിന്റെ ലോഞ്ചും അന്ന് തന്നെയായിരിക്കും നടക്കുക.

സേവനം ഇപ്പോള്‍ നഗരങ്ങളില്‍

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ വരുന്ന സെക്രട്ടേറിയറ്റ്, തമ്പാനൂര്‍, മെഡിക്കല്‍ കോളേജ്, പാളയം തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും സേവനം ലഭിക്കുക. ഉച്ചഭക്ഷണം മാത്രമായിരിക്കും ലഭ്യമാവുക.

തിരുവനന്തപുരത്ത് ഇപ്പോള്‍ ഭക്ഷണം പാചകം ചെയ്യാനായി ഒരു സെന്‍ട്രല്‍ കിച്ചന്‍ തയാറാക്കിയിട്ടുണ്ട്. ഡെലിവറിക്കായി മൊത്തം 15 പേരെയും ട്രെയിന്‍ ചെയ്തിട്ടുണ്ട്. 8 പേര്‍ ആദ്യ ഘട്ടത്തില്‍ ഡെലിവറിക്കുണ്ടാകും. തലേ ദിവസം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഉച്ചഭക്ഷണം എത്തിക്കും.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കും

ഉച്ചഭക്ഷണം കുടുംബശ്രീയുടെ തന്നെ സ്റ്റീല്‍ പാത്രത്തിലായിരിക്കും എത്തിച്ചു കൊടുക്കുക. ഭക്ഷണം പൊതിയാനും മറ്റും പ്ലാസ്റ്റിക്ക് പൂര്‍ണമായി ഒഴിവാക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനാണിത്.

പോക്കറ്റ് മാര്‍ട്ട്

കുടുംബശ്രീ തന്നെ വികസിപ്പിച്ച പോക്കറ്റ് മാര്‍ട്ട് എന്ന ആപ്പിലൂടെ ഉച്ചഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. ഈ ആപ്പില്‍ ഉടന്‍ തന്നെ കുടുംബശ്രീയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാനും പദ്ധതിയുണ്ട്. 2000-ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീക്കുണ്ട്.

പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് ഊണ്

ഊണ് രണ്ട് വിഭാഗങ്ങളിലായിരിക്കും ലഭ്യമാവുക. ഒന്ന് പ്രീമിയം. ഇതിന് 90 രൂപയാണ് ഈടാക്കുക. ഫിഷ് കറി മീല്‍സാണ് പ്രീമിയം വിഭാഗത്തിലുള്ളത്. സ്റ്റാന്‍ഡേര്‍ഡ് ഊണിന് 60 രൂപയായിരിക്കും വില. ഇത് വെജിറ്റേറിയന്‍ മീല്‍സായിരിക്കും. ഇതിനു പുറമെ ഭാവിയില്‍ കൂടുതല്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മെനു വികസിപ്പിക്കാനും കുടുംബശ്രീക്ക് പദ്ധതിയുണ്ട്.