image

7 March 2024 2:33 PM IST

News

ആപ്പ് വഴി ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്യാം; കുടുംബശ്രീയുടെ ലഞ്ച് ബെല്‍ പദ്ധതിക്ക് തുടക്കം

MyFin Desk

ആപ്പ് വഴി ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്യാം; കുടുംബശ്രീയുടെ ലഞ്ച് ബെല്‍ പദ്ധതിക്ക് തുടക്കം
X

Summary

  • ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കും, മുന്‍സിപ്പാലിറ്റികളിലേക്കും പദ്ധതി വ്യാപിപ്പിക്കും
  • വെജിറ്റേറിയന്‍ ഭക്ഷണത്തിന് 60 രൂപയാണ് നിരക്ക്
  • നോണ്‍ വെജിറ്റേറിയന്‍ ഊണിന് 99 രൂപയാണ് വില


കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലഞ്ച് ബെല്‍ എന്ന നൂതന പദ്ധതിക്ക് തുടക്കം. മന്ത്രി എം.ബി.രാജേഷാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

വീട്ടിലുണ്ടാക്കുന്നതു പോലുള്ള ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിക്കും. പ്രാരംഭ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

പോക്കറ്റ് മാര്‍ട്ട് എന്ന കുടുംബശ്രീയുടെ ആപ്പിലൂടെ ലഞ്ച് ബെല്‍ ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്യാം.


കുടുംബശ്രീയുടെ ജീവനക്കാര്‍ തന്നെ ഡെലിവറി ചെയ്യും. സ്റ്റീലിന്റെ പാത്രത്തിലായിരിക്കും ഭക്ഷണമെത്തിക്കുക. പിന്നീട് പാത്രം അവര്‍ തന്നെ വന്ന് ശേഖരിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന പദ്ധതിയായതിനാല്‍ പ്ലാസ്റ്റിക് ഒഴിവാക്കി കൊണ്ടാണ് ഭക്ഷണം പൊതിയുന്നത്.

ഓരോ ദിവസവും രാവിലെ 7 വരെ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കാണ് ഉച്ചഭക്ഷണമെത്തിക്കുന്നത്. അതായത്, ഉച്ചയൂണ് വേണമെന്നുള്ളവര്‍ രാവിലെ 7 നുള്ളില്‍ ഓര്‍ഡര്‍ ചെയ്തിരിക്കണം.

12 മണിയോടെ ഉച്ചയൂണ് എത്തിക്കും. 2.30-3.00 മണിക്ക് ഭക്ഷണ പാത്രം ശേഖരിക്കും.

ഭക്ഷണം ഡെലിവറി ചെയ്യാന്‍ കുടുംബശ്രീയുടെ തന്നെ ജീവനക്കാരുണ്ട്. ഇവര്‍ പച്ച ടീ ഷര്‍ട്ടും പിങ്ക് ക്യാപ്പും അണിഞ്ഞവരാണ്.

വെജിറ്റേറിയന്‍ ഭക്ഷണത്തിന് 60 രൂപയാണ് നിരക്ക്. ചോറ്, പുളിശേരി, സാമ്പാര്‍, തോരന്‍, അവിയല്‍ അല്ലെങ്കില്‍ തീയല്‍ എന്നിവയടങ്ങിയതായിരിക്കും ഊണ്.

നോണ്‍ വെജിറ്റേറിയന്‍ ഊണിന് 99 രൂപയാണ് വില. ഫിഷ് കറിയും ഒരു ഓംലെറ്റും ഇതിലുണ്ടാകും.

തിരുവനന്തപുരത്ത് സ്റ്റാച്യു ജംഗ്ഷന്‍, എല്‍എംഎസ്, വികാസ്ഭവന്‍, പട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുള്ളത്.