12 Feb 2025 6:56 AM GMT
ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകള്‍ വൻ ഹിറ്റായി മാറുകയാണ്. പദ്ധതി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോൾ 27,86,522 ലക്ഷം രൂപയുടെ ലാഭം നേടി.
2024 ജൂൺ 26 മുതൽ ഇതുവരെ 661 പേരാണ് അഡ്മിഷൻ നേടിയത്. കേരളത്തിലെ 14 ജില്ലകളിലായി നിലമ്പൂര്‍, പൊന്നാനി, ചിറ്റൂര്‍, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, പെരുമ്പാവൂര്‍, ചാലക്കുടി, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ ഉളളത്. കെ.എസ്.ആർ.ടി.സി.യിൽനിന്നും സ്വിഫ്റ്റിൽനിന്നുമാണ് പരിശീലകർ.
സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കാർ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ 40 ശതമാനം വരെ ഇളവ് ലഭിക്കുന്നുണ്ട്.