14 Dec 2023 12:12 PM
Summary
- ഡിസംബര്‍ മാസം 1 മുതല്‍ 11 വരെയുള്ള 11 ദിവസങ്ങളില്‍ 84.94 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്
- ശബരിമല മണ്ഡല സീസണ്‍ സ്‌പെഷ്യല്‍ സര്‍വീസ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ നവംബറിലെ വരുമാനം 210.27 കോടി രൂപയാണെന്നു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി
- ജീവനക്കാരുടെ ശമ്പളം അതത് മാസം തന്നെ നല്‍കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അവകാശപ്പെട്ടു
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ഈ വര്‍ഷം നവംബറില്‍ 308 കോടി രൂപ വരുമാനം നേടിയെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് അറിയിച്ച് രംഗത്ത്.
ശബരിമല മണ്ഡല സീസണ്‍ സ്‌പെഷ്യല്‍ സര്‍വീസ് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയുടെ നവംബറിലെ വരുമാനം 210.27 കോടി രൂപയാണെന്നു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ 260 കോടി രൂപ പ്രതിമാസ വരുമാനം നേടാനും സ്വയംപര്യാപ്തത കൈവരിക്കാനുമാണു കെഎസ്ആര്‍ടിസി ശ്രമിക്കുന്നതെന്നും കുറിപ്പില്‍ വിശദീകരിച്ചു.
ഈ മാസം 1 മുതല്‍ ഡിസംബര്‍ 11 വരെയുള്ള 11 ദിവസങ്ങളില്‍ 84.94 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ഇതില്‍ ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും വരുമാനം 7.5 കോടി രൂപ കവിഞ്ഞതായും അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം അതത് മാസം തന്നെ നല്‍കുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. വലിയ ബാധ്യതകളും ചെലവുകളും ഉള്ളതിനാല്‍, ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ചില സാമ്പത്തിക ക്രമീകരണങ്ങള്‍ ആവശ്യമായി വരും. ചിലപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ ചെറിയ കാലതാമസം നേരിട്ടിട്ടുമുണ്ടെന്നു കുറിപ്പില്‍ സൂചിപ്പിച്ചു. ശമ്പളം മുടങ്ങിയിട്ടില്ലെന്നാണു കെഎസ്ആര്‍ടിസിയുടെ വിശദീകരിച്ചത്.
വലിയ വീഴ്ചകളില്‍ നിന്നും ബാധ്യതകളില്‍ നിന്നും ഏറെ പ്രയാസപ്പെട്ട് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചും ആരംഭിച്ചും കെഎസ്ആര്‍ടിസി മെല്ലെ കരകയറുകയാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജീവനക്കാരിലും പൊതുജനങ്ങളിലും യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കി ഈ മഹത്തായ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് കൂട്ട് നില്‍ക്കരുതെന്ന് അപേക്ഷിക്കുകയാണെന്നും എഫ്ബി കുറിപ്പില്‍ സൂചിപ്പിച്ചു.