തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി)ലിസ്റ്റ്ഡ് കമ്പനികളിലെ നിക്ഷേപങ്ങളുടെ മൂല്യം 2023 സെപ്റ്റംബര്‍ 18 വരെ 2100 ശതമാനം അല്ലെങ്കില്‍ 21 ഇരട്ടി വര്‍ധിച്ച് 539 .61 കോടി രൂപയായി.
2022 മാര്‍ച്ച് 31 വരെ ഈ നിക്ഷേപങ്ങളുടെ വിപണിമൂല്യം 436.02 കോടി രൂപയായിരുന്നു. അപ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മുതല്‍ ഈ നിക്ഷേപങ്ങളുടെ വിപണിമൂല്യം നാലിലൊന്നായി വര്‍ധിച്ചിട്ടുണ്ട്.
കെഎസ്‌ഐഡിസിക്കു ഓഹരിപങ്കാളിത്തമുള്ള ലിസ്റ്റ് ചെയ്ത ഈ 17 കമ്പനികളിലെ ഓഹരികളിൽ മൊത്തം നിക്ഷേപിച്ചത് 26 കോടി രൂപയാണെന്ന് കെഎസ്‌ഐഡിസി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഓഹരികള്‍ വിവിധ സമയങ്ങളില്‍ വ്യത്യസ്ത മൂല്യങ്ങളില്‍ കെഎസ്‌ഐഡിസി സ്വന്തമാക്കിയിയവയാണ്.
കൂടാതെ, ലിസ്റ്റ്ഡ് കമ്പനിയായ നിറ്റ ജെലാറ്റിനുമായി സംയുക്ത സംരംഭത്തിൽ പങ്കാളിയാണ് കെഎസ്‌ഐഡിസി.
ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍ക്കു പുറമേ ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്യാത്ത കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍്ട്ട്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ബിപിഎല്‍ ടെക്‌നോളജീസ്, യുഎല്‍സിസിഎസ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നിവയുള്‍പ്പെടെ 30 ഓളം കമ്പനികളുടെ ഓഹരികളില്‍ കെഎസ്‌ഐഡിസി നിക്ഷേപം നടത്തിയിട്ടുണ്ട്.
നിലിവില്‍ അടച്ചുപൂട്ടൽ നടപടികൾ (ലിക്വിഡേഷന്‍) നേരിടുന്ന കമ്പനികളിലും കെഎസ്‌ഐഡിസി നിക്ഷേപമുണ്ട്. ബി എസ് ടി , ഇന്‍ഡസ്ട്രിയല്‍ അക്യുമിലേറ്റര്, ശ്രീ സായി മഹാരാജാ പള്‍പ് ആന്‍ഡ് പേപ്പര്‍, ട്രാവന്‍കോര്‍ സള്‍ഫേറ്റ്, ലൂപ് മൊബൈല്‍സ്, എക്‌സല്‍ ഗ്ലാസ്സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
2021-22 വര്‍ഷത്തില്‍ കെഎസ്‌ഐഡിസിയുടെ അറ്റാദായം 54.93 കോടി രൂപയായിരുന്നു. 2022-23 വര്‍ഷം അവസാനിച്ച് ആറ് മാസത്തോളമായിട്ടും കമ്പനി ഇതുവരെ അതിന്റെ ലാഭ-നക്ഷ്ട കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.
കേരളത്തിലെ വലിയതും ഇടത്തരവും വ്യവസായസംരംഭങ്ങളെ പ്രമോട്ട് ചെയ്യുക, സാമ്പത്തിക സഹായം നല്‍കുക, വികസനത്തിന് ആവശ്യമായ പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ 1961 ലാണ് കെഎസ്‌ഐഡിസി ആരംഭിക്കുന്നത്. സംസ്ഥാനത്തെ വ്യവസായങ്ങളുടെ സ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങളും സാമൂഹിക അടിത്തറയും ലക്ഷ്യമാക്കുന്നതിനുള്ള ഏജന്‍സിയാണിത്.
കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ള നോഡല്‍ ഏജന്‍സിയായും കെഎസ്‌ഐഡിസി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി രജിസ്റ്റേഡ് ഓഫീസ് നിക്ഷേപം സ്വീകരിക്കാത്ത ബാങ്കേതര ധനകാര്യ കമ്പനിയായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.