2 Nov 2023 10:59 AM IST
Summary
- പ്രവര്‍ത്തന സജ്ജമായ ടെര്‍മിനലുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഉടന്‍ സ്ഥാപിക്കും
- കൊച്ചി മെട്രോ റെയില്‍ ഊര്‍ജ്ജാവശ്യങ്ങളുടെ പകുതിയും നിറവേറ്റുന്നത് സോളാര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍നിന്നാണ്
ഊര്‍ജ്ജാവശ്യങ്ങളില്‍ 2024-ാടെ സ്വയം പര്യാപ്ത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി വാട്ടര്‍ മെട്രോ (കെഡബ്ല്യുഎംഎല്‍) ടെര്‍മിനലുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു.
ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായ ടെര്‍മിനലുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഉടന്‍ സ്ഥാപിക്കാനാണു തീരുമാനം. ആലപ്പുഴ ജില്ലയില്‍ സോളാര്‍ പ്ലാന്റും സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കെഡബ്ല്യുഎംഎല്ലിന്റെ കണക്ക്പ്രകാരം, പ്രവര്‍ത്തനത്തിന് 8 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. ഇപ്പോള്‍ മൂന്ന് റൂട്ടുകളിലായി 12 ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഉടന്‍ തന്നെ നാല് റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കാനിരിക്കുകയുമാണ്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഇപ്പോള്‍ ഊര്‍ജ്ജാവശ്യങ്ങളുടെ പകുതിയും നിറവേറ്റുന്നത് സോളാര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയില്‍നിന്നാണ്.
20 മെഗാവാട്ട് വൈദ്യുതിയാണ് കെഎംആര്‍എല്ലിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഇപ്പോള്‍ 11 മെഗാവാട്ട് വൈദ്യുതിയാണു സോളാര്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
അടുത്തിടെ ഡല്‍ഹിയില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സില്‍ മികച്ച ഹരിത സംരംഭത്തിനുള്ള ദേശീയതല അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസിന് ലഭിച്ചിരുന്നു.