13 Oct 2023 11:28 AM
Summary
2022-23 ല്‍ 200.99 കോടി രൂപയാണ് മൊത്തം വരുമാനം. പ്രവര്‍ത്തന ചെലവ് 128.89 കോടി രൂപ.
2022-23ല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) 72 .09 കോടി രൂപ പ്രവർത്തന ലാഭം നേടി. ഈ കാലയളവിലെ മൊത്ത വരുമാനം 200.99 കോടി രൂപയാണ്. പ്രവര്‍ത്തന ചെലവ് 128.89 കോടി രൂപയും. നികുതി, തേയ്മാനം, പലിശ എന്നിവ കണക്കാക്കിയപ്പോള്‍ നഷ്ടം 335.34 കോടി രൂപയിലെത്തി.
മുന്‍വർഷമിതേ കാലയളവിലില്‍ 142.20 കോടി രൂപയായിരുന്നു മൊത്ത വരുമാനം. പ്രവര്‍ത്തന ചെലവ് 118.40 കോടി രൂപയും.23.80 കോടി രൂപ ലാഭവും. എന്നാല്‍ നികുതി, തേയ്മാനം, പലിശ എന്നിവ കണക്കാക്കിയപ്പോള്‍ നഷ്ടം 339.55 കോടി രൂപയിലെത്തി.
മുന്‍ വര്‍ഷത്തെ നഷ്ടത്തേക്കാള്‍ 4.21 കോടി രൂപ കുറച്ചു കൊണ്ടു വരാന്‍ 2022-23 ല്‍ കെഎംആര്‍എല്ലിനു സാധിച്ചു.
ഒക്ടോബര്‍ 12ന് പുറത്തുവിട്ട 2022-23 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം നല്കിയിട്ടുള്ളത്. എന്നാല്‍ നഷ്ടത്തിനിടയിലും ചില ശുഭവാർത്തകളുണ്ട്. കമ്പനിയുടെ വരുമാനവും യാത്രക്കാരുടെ എണ്ണവും 2022-23ല്‍ വർധിച്ചു. രണ്ടു വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി. യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ നടത്തുന്ന വിവിധ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
യാത്രക്കാര്‍
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള 27.2 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. 2022-23 ല്‍ 2,48,75,822 പേരാണ് മെട്രോ ട്രെയിനില്‍ യാത്ര ചെയ്തത്. ഇതിലൂടെ 75.48 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. 85,966 ട്രിപ്പുകളിലായി 20,60,387 കിലോമീറ്റര്‍ ദൂരം ഓടുകയും ചെയ്തു.
2021-22ല്‍ 96.94 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ടിക്കറ്റ് വരുമാനം വെറും 30.78 കോടി രൂപ. 2021-22 വര്‍ഷം കോവിഡ്19 മഹാമാരി ആഘാതം സൃഷ്ടിച്ച വര്‍ഷം കൂടിയായിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഇടിവുണ്ടായത്.
2021 മെയ് ആദ്യ ആഴ്ച മുതല്‍ ജൂണ്‍ അവസാനം വരെയുള്ള രണ്ട് മാസക്കാലയളവില്‍ മെട്രോ ട്രെയ്ന്‍ സര്‍വീസ് നിറുത്തിവച്ചിരുന്നു.
2023 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം മൊത്തം വായ്പ കുടിശ്ശിക 1,372.62 കോടി രൂപയാണ്. ഇതിനു പുറമെ ഫ്രഞ്ച് ഏജന്‍സിയായ എഎഫ്ഡി, കാനറ ബാങ്ക് എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യം വഴി 1,086.15 കോടി രൂപയും കുടിശ്ശികയായുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് എഎഫ്ഡി, കാനറ ബാങ്കില്‍നിന്നും വായ്പയെടുത്തത്. ഒന്നാംഘട്ട വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത 574.06 കോടി രൂപയും വായ്പ കുടിശ്ശികയുണ്ട്.
വൈ-ഫൈ
ട്രെയിനുകളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട യാത്രാ അനുഭവമേകാന്‍ സാധിച്ചു. യാത്ര ചെയ്യുമ്പോഴും കണക്റ്റഡ് ആയിരിക്കുക എന്ന സാഹചര്യം ഇതിലൂടെ യാത്രക്കാര്‍ക്ക് നല്‍കാന്‍ കെഎംആര്‍എല്ലിന് സാധിച്ചു. യാത്രക്കാര്‍ക്ക് 5 മുതല്‍ 10 എംബിപിഎസ് വേഗതയില്‍ ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും
സോളാര്‍ പ്ലാന്റ്
സൗരോര്‍ജ്ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെഎംആര്‍എല്‍ ഇതിനകം 5.389 എംഡബ്ല്യുപി സോളാര്‍ പ്ലാന്റുകള്‍ കമ്മിഷന്‍ ചെയ്തിട്ടുണ്ട്. സ്ഥാപിത ശേഷിയിലേക്ക് 5.155 എംഡബ്ല്യുപി കൂട്ടി ചേര്‍ക്കുകയും ചെയ്തു. ഇതിലൂടെ എനര്‍ജി ന്യൂട്രാലിറ്റി 57 ശതമാനത്തിലെത്തിക്കാനും കെഎംആര്‍എല്ലിന് സാധിച്ചു.
ഇ-ഓട്ടോ
30 ഇ-ഓട്ടോകള്‍ വിന്യസിച്ചിട്ടുണ്ട്. ഇതിലൂടെ ഫീഡര്‍ ലൈസന്‍സ് ഇനത്തില്‍ ഓരോ ഓട്ടോയ്ക്കും 1062 രൂപ എന്ന നിരക്കില്‍ ശേഖരിക്കുന്നുണ്ട്.
5 ഇലക്ട്രിക് ബസുകള്‍ ഫീഡര്‍ ബസുകളായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒരു ദിവസം ഏകദേശം 1300 യാത്രക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. മെട്രോ ട്രെയിനിലെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കാനും ഇതു സഹായിക്കുന്നു.