Summary
പ്രവര്‍ത്തന ലാഭമായ 5.35 കോടി രൂപയിലേക്ക് കമ്പനി എങ്ങനെ എത്തി എന്നതിനെക്കുറിച്ചും പ്രൊഫഷണല്‍ അക്കൗണ്ടന്റുമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയെന്ന അവകാശവാദത്തെച്ചൊല്ലി അക്കൗണ്ടിംഗ് പ്രൊഫഷണലുകള്‍ക്കിടയില്‍ ഭിന്നത.
'കൊച്ചി മെട്രോ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം നേടിയിട്ടുണ്ടെങ്കില്‍, ഇത് ഡയറക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുന്നതില്‍ എന്തുകൊണ്ടാണ് മാനേജ്‌മെന്റ് പരാജയപ്പെട്ടത്, മാത്രമല്ല, കമ്പനി തന്നെ അവകാശപ്പെടുന്നതുപോലെ കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രവര്‍ത്തന ലാഭമല്ലേയിത്? ഒരു പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിലെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ചോദിക്കുന്നു.
2023 സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന ലാഭമായ 5.35 കോടി രൂപയിലേക്ക് കമ്പനി എങ്ങനെ എത്തി എന്നതിനെക്കുറിച്ചും പ്രൊഫഷണല്‍ അക്കൗണ്ടന്റുമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. പ്രവര്‍ത്തന ലാഭം പലിശയ്ക്കും നികുതിക്കും (earnings before interest and tax - EBIT) മുമ്പുള്ള വരുമാനമാണെന്ന് ഒരു വിഭാഗം പ്രൊഫഷണല്‍ അക്കൗണ്ടന്റുമാര്‍, പ്രത്യേകിച്ചും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ വാദിക്കുന്നു. എന്നാല്‍, ഇതിനെ എതിര്‍ക്കുന്ന മറ്റ് ചിലരുമുണ്ട്.
പ്രവര്‍ത്തന ലാഭം കണക്കാക്കുന്നതിന് പൊതുവേ അംഗീകരിച്ചിട്ടുള്ള ഫോര്‍മുല പലിശയും നികുതിയും കിഴിക്കുന്നതിനു മുമ്പുള്ളതാണ് (ഇബിഐടി). ഈ ഫോര്‍മുലയാണ് പ്രയോഗിക്കുന്നതെങ്കില്‍ കമ്പനി പ്രവര്‍ത്തന ലാഭം നേടിയിട്ടില്ല എന്നുമാത്രമല്ല. മറിച്ച് 113.26 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടത്തോടെയാണ് 2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കിയതെന്ന് പറയേണ്ടി വരുമെന്നാണ് ഒരു ഭാഗത്തിന്റെ വാദം. എന്നാല്‍, പ്രവര്‍ത്തന ലാഭം കണക്കാക്കുന്നത് പലിശയും നികുതിയും കിഴിക്കുന്നതിനു മുമ്പുള്ള വരുമാനമാണെന്ന് ആധികാരിക ഗ്രന്ഥങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നാണ് ലേഖകനോട് സംസാരിച്ച ഒരു വളരെ മുതിർന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറഞ്ഞത്.
പ്രവര്‍ത്തന ലാഭത്തെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കിടയില്‍ വസ്തുത തേടി മൈഫിന്‍പോയിന്റ് കൊച്ചി മെട്രോയ്ക്ക് ചില ചോദ്യങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭത്തിലേക്ക് എങ്ങനെ എത്തി എന്നതുള്‍പ്പെടയുള്ള ചോദ്യങ്ങള്‍ക്ക് കമ്പനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കൂടുതല്‍ വ്യക്തതയ്ക്കായി മൈഫിന്‍പോയിന്റ് കൊച്ചി മെട്രയുടെ ഓഡിറ്റര്‍മാരെയും സമീപിച്ചിരുന്നു. പക്ഷേ, ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ ഓഡിറ്റര്‍മാരും തയ്യാറാകുന്നില്ല . ഇതിൽ നിന്ന് വ്യത്യസ്തമായൊരു നിലപാട് സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ ഭാഗത്തു നിന്നും പൊതുവെ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല.
2022-23 വര്‍ഷത്തെ കൊച്ചി മെട്രോയുടെ വരുമാന പ്രസ്താവനയില്‍ കമ്പനിയുടെ മൊത്തം വരുമാനം 200.99 കോടി രൂപയും പ്രവര്‍ത്തനചെലവ് 128.89 കോടി രൂപയുമായിരുന്നു. പലിശയ്ക്കും തേയ്മാനത്തിനും മുമ്പുള്ള ലാഭം 72.09 കോടി രൂപയും.
ഫിനാന്‍സ് ചാര്‍ജുകള്‍ 222.08 കോടി രൂപയായി ഉയര്‍ന്നതോടെ കമ്പനി 149.99 കോടി രൂപയുടെ മൊത്ത നഷ്ടവും 335.34 കോടി രൂപയുടെ അറ്റ നഷ്ടവുമായാണ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കൊച്ചി മെട്രോയുടെ 4,500 കോടി രൂപയുടെ വായ്പ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടയ്ക്കണമെന്നാണ് ക്രമീകരണമെന്നും കമ്പനിയുടെ തുടര്‍ച്ചയായ നഷ്ടം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അടുത്തിടെ മൈഫിന്‍ പോയിന്റിനോട് പറഞ്ഞിരുന്നു.