7 Dec 2023 11:59 AM
Summary
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കുന്നത്
കൊച്ചി നഗര ശുചീകരണത്തിന് യന്ത്രവല്‍കൃത സംവിധാനം നടപ്പിലാക്കുന്നു. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ പദ്ധതി വിഹിതത്തില്‍ നിന്നാണ് സംവിധാനത്തിനുള്ള ഫണ്ട് ലഭിച്ചത്. യന്ത്രവല്‍കൃത സംവിധാനത്തിന്റെ ഫ്‌ളാഗ് ഓഫ് പരിപാടി വൈറ്റില പൊന്നുരുന്നി ഗോള്‍ഡ് സൂക്കിനു സമീപമുള്ള അണ്ടര്‍ പാസ്സില്‍ (ദേശീയപാതയ്ക്കു താഴെ)2023 ഡിസംബര്‍ 8, വെള്ളിയാഴ്ച രാവിലെ 10.30നു തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും.
കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എംഎല്‍എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, ഉമാ തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ അന്‍സിയ, കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ ഷാജി വി.നായര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍/ചെയര്‍പേഴ്‌സണ്‍മാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പ്രസ്തുത പരിപാടിയില്‍ സന്നിഹിതരായിരിക്കും.
കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ സക്ഷന്‍ കം ജെറ്റിങ് മെഷീന്‍ പദ്ധതി വിജയകരമായിരുന്നു. അതിനെ തുടര്‍ന്ന് നഗരത്തിലുടനീളം യന്ത്രവല്‍കൃത ശുചീകരണ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണു 10.98 കോടി രൂപയുടെ രണ്ടു സ്വീപ്പിങ് മെഷീനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ കൊച്ചിയിലെ പ്രധാന റോഡുകളിലാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 5 വര്‍ഷം വരെ ഇതിന്റെ പ്രവര്‍ത്തനവും പരിപാലനവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6000 ലിറ്റര്‍ മാലിന്യ സംഭരണ ശേഷിയുള്ള വാഹനത്തില്‍ ശുചീകരണ സമയത്തു പൊടിപറക്കാതിരിക്കാനുള്ള 1800 ലിറ്റര്‍ ജലസംഭരണിയും ജിപിഎസ് ട്രാക്കിങ് സംവിധാനവുമുണ്ട്. യന്ത്ര സഹായത്തോടെ ഒരു മണിക്കൂര്‍ കൊണ്ട് 8 കിലോമീറ്റര്‍ വരെ വൃത്തിയാക്കാന്‍ കഴിയും.