image

2 Nov 2023 11:52 AM

News

അതിവേഗം വളരുന്ന നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും

MyFin Desk

among the fastest growing cities are kochi and thiruvananthapuram
X

Summary

  • പതിനേഴ് രണ്ടാം നിര നഗരങ്ങളിലെ ആദ്യ പത്തിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ
  • കോഴിക്കോട്, തൃശൂർ, പാലക്കാട്, എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന മറ്റു നഗരങ്ങളെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.


കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും ഇടം പിടിച്ചു. പതിനേഴ് രണ്ടാം നിര നഗരങ്ങളിലെ ആദ്യ പത്തിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പെട്ടത്. അതിവേഗം വളരുന്ന രണ്ട് നഗരങ്ങളുള്ള ഏക സംസ്‌ഥാനം കേരളമാണ്. ക്രെഡായ് സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ റിയൽ എസ്റ്റേറ്റ് സേവനദാതാവായ കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് ഇന്ത്യ തയാറാക്കിയ റിപ്പോർട്ടിലാണ് കേരളത്തിലെ രണ്ട് നഗരങ്ങൾ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് കണ്ടെത്തലുള്ളത്. റിപ്പോർട്ട് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്തു. ജയ്‌പൂർ, സൂറത്, കോയമ്പത്തൂർ, വിശാഖപട്ടണം, ഇൻഡോർ, നാഗ്പൂർ, ലക്‌നൗ, ഭുവനേശ്വർ തുടങ്ങിയ മഹാനഗരങ്ങൾക്കൊപ്പമാണ് കൊച്ചിയും തിരുവനന്തപുരവും സ്‌ഥാനം പിടിച്ചത്.

ക്രെഡായ് കേരള സമ്മേളനത്തിൽ കുഷ്മൻ & വേക്ക്ഫീൽഡ് പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ട് മന്ത്രി എം.ബി രാജേഷ് പ്രകാശനം ചെയ്യുന്നു. ക്രെഡായ് കേരള സെക്രട്ടറി ജനറൽ അഡ്വ.ചെറിയാൻ ജോൺ, കോൺഫറൻസ് ചെയർമാൻ ഡോ.നജീബ് സക്കറിയ, ക്രെഡായ് നാഷണൽ പ്രസിഡൻറ് ബൊമൻ ഇറാനി, കൊച്ചി മേയർ എം. അനിൽകുമാർ, ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് എം ഡി വി.എസ് ശ്രീധർ എന്നിവർ സമീപം.

സ്വതന്ത്ര വീടുകൾ എന്ന കാഴ്ചപ്പാടിൽ നിന്ന് മികച്ച അപ്പാർട്മെന്റുകൾ എന്നതിലേക്ക് മലയാളിയുടെ അഭിരുചി അതിവേഗം മാറുകയാണെന്ന് റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. മെട്രോപൊളിറ്റൻ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നഗരങ്ങളിൽ പ്രീമിയം റെസിഡൻഷ്യൽ സൗകര്യങ്ങൾ ലഭ്യമാണ്. പോപ്പുലേഷൻ സൈസ് ഇൻഡക്സ്, ഈസ് ഓഫ് ലിവിങ് സ്‌കോർ, രാജ്യാന്തര എയർ പാസഞ്ചർ ഇൻഡക്സ്, മെട്രോ ഡെവലപ്മെൻറ് ഇന്ഡക്സ്, ഹൗസ് പ്രൈസ് ഇൻഡക്സ്, ജിഡിപി പെർ ക്യാപിറ്റ ഇൻഡക്സ് തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്‌ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്തെ അടുത്ത റിയൽ എസ്റ്റേറ്റ് വികസനകുതിപ്പിൽ കേരളത്തിന് നിർണായക സ്‌ഥാനമുണ്ടാകുമെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ നിരക്കിനേക്കാൾ ഉയർന്ന തോതിലാണ് കേരളത്തിലെ നഗരവത്കരണം. കർണാടകം, തെലങ്കാന തുടങ്ങിയ വ്യവസായ സംസ്‌ഥാനങ്ങളെക്കാൾ വേഗത്തിലാണ് കേരളം നഗരവത്കരിക്കപ്പെടുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. കോഴിക്കോട്, തൃശൂർ, പാലക്കാട്, എന്നിവയാണ് കേരളത്തിലെ അതിവേഗം വളരുന്ന നഗരങ്ങളെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.