13 Sept 2023 7:09 PM IST
Summary
വായ്പാ ആസ്തി പതിനായിരം കോടി രൂപയായി ഉയർത്താനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ഇന്ന് (13.09.2023) തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ, ധനമന്ത്രി .കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി.യുടെ സിഎംഡി.സഞ്ജയ് കൗൾ ചെക്ക് കൈമാറി.
കെ.എഫ്.സി. ഡയറക്ടർമാരായ .ഇ.കെ.ഹരികുമാറും, .അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ .പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു.
കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. SIDBI, SBI, LIC തുടങ്ങിയവ മറ്റ് ഓഹരിയുടമകളിൽ ഉൾപ്പെടുന്നു. കെ.എഫ്.സി. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന് കെ.എഫ്.സി. നൽകുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതമാണിത്.
തുടർച്ചയായ ലാഭം രേഖപ്പെടുത്തിക്കൊണ്ട് കെ.എഫ്.സി.യുടെ അറ്റ ആസ്തി 926 കോടി രൂപയിലെത്തി. കെ.എഫ്.സി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും മികച്ച പ്രകടനം രേഖപ്പെടുത്തുകയും നികുതിക്ക് ശേഷമുള്ള അറ്റാദായം (PAT) 50.19 കോടി രൂപ നേടുകയും ചെയ്തു. വായ്പാ ആസ്തി മുൻ വർഷത്തെ 4750.71 കോടി രൂപയിൽ നിന്ന് 6529.40 കോടി രൂപയായി ഉയർത്തി 37.44 ശതമാനം വളർച്ച രേഖപ്പെടുത്തി. ആദ്യമായാണ് കെ.എഫ്.സി. ഒരു സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ വായ്പാ ആസ്തി മറി കടക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാറിൽ നിന്നും 200 കോടി രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CAR) 22.41 ശതമാനത്തിൽ നിന്ന് 25.58 ശതമാനമായി മെച്ചപ്പെട്ടു. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മൂലധന പര്യാപ്തത അനുപാതം 15 ശതമാനമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിലവിലെ വായ്പാ ആസ്തിയെ വിപുലീകരിച്ച് പതിനായിരം കോടി രൂപയായി ഉയർത്താനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്.