14 Dec 2024 9:31 AM GMT
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. എംപിമാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈകിട്ട് 4 മുതൽ പൊതുജനങ്ങൾക്ക് മാളിലേക്ക് പ്രവേശിക്കാം.
രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിന്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്.
കോട്ടയംകാർക്ക് മാത്രമല്ല, തൃശൂരിനും കൊല്ലത്തിനും സമ്മാനമായി ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റുകൾ ഈ മാസം തന്നെ തുറക്കും. തൃശൂരിലെ ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റ് ഡിസംബർ 18ന് തുറക്കും. കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് ലുലുവിന്‍റെ ഡെയ്‍ലി സൂപ്പർമാർക്കറ്റ് നിർമിച്ചിരിക്കുന്നത്. തൃശൂരിൽ ഹൈ ലൈറ്റ് മാളിലാണ് ലുലു ഡെയ്‍ലി സൂപ്പർമാർക്കറ്റ് തുറക്കുന്നത്. ക്രിസ്മസിന് മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊല്ലത്തെയും ഉദ്ഘാടന തീയതി വൈകാതെ പ്രഖ്യാപിക്കും.