14 April 2023 10:09 AM
Summary
- എക്‌സിക്യൂട്ടിവ് ക്ലാസ് ബിസിനസ് യാത്രികരെ ആകര്‍ഷിക്കും
- നിലവില്‍ നിശ്ചയിച്ചിട്ടുള്ളത് എട്ടു സ്‌റ്റോപ്പുകള്‍
- തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴര മണിക്കൂറില്‍
സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ ഫ്‌ളാഗ് ഓഫ് ഉണ്ടാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്. പരമാവധി 180 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുന്ന വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. രാജ്യത്തെ 14-ാമത്തെ വന്ദേഭാരത് ട്രെയിനാണ് തിരുവനന്തപുരം- കണ്ണൂര്‍ പാതയില്‍ ഇപ്പോള്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ആധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളും മികച്ച വേഗതയും ഉള്ള കൂടുതല്‍ ട്രെയിനുകള്‍ കേരളത്തില്‍ എത്തുന്നത് ടൂറിസം മേഖലയ്ക്കും ഗുണകരമാകുന്നതാകുമെന്ന് വ്യാവസായിക ലോകം പ്രതീക്ഷിക്കുന്നു.
16 കോച്ചുകളുള്ള വന്ദേഭാരതാണ് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. വിമാനങ്ങള്‍ക്കു സമാനമായി ഉയര്‍ന്ന ചെലവിടല്‍ ശേഷിയുള്ള യാത്രികരെ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് കംപാര്‍ട്ട്‌മെന്റുകളും വന്ദേഭാരത് ട്രെയിനുകളിലുണ്ടാകും. സുഖകരമായ റിവോള്‍വിംഗ് ചെയറുകളും വിശാലമായ ജനാലുകളും ഓരോ യാത്രികര്‍ക്കും പ്രത്യേകം റീഡിംഗ് ലാംപും എക്‌സിക്യൂട്ടിവ് ക്ലാസില്‍ ലഭ്യമാകും. ഇത്തരത്തിലുള്ള രണ്ട് കംപാര്‍ട്ട്‌മെന്റുകള്‍ ഉണ്ടാകും. ഒരു ഇടനാഴിയും ഭക്ഷണ മുറിയും ഈ വിഭാഗത്തിലെ യാത്രികര്‍ക്ക് ലഭ്യമാകും. വൈഫൈ, ചാര്‍ജിംഗ് പോര്‍ട്ടുകള്‍ മുതലായ മറ്റ് സൗകര്യങ്ങളും ലഭ്യമാകും. ബിസിനസ് യാത്രകളുടെയും ദീര്‍ഘ ദൂര ഉല്ലാസയാത്രകളുടെയും ഒരു പങ്ക് ട്രെയിനുകളിലേക്ക് മാറുന്നതിന് ഈ സജ്ജീകരണങ്ങള്‍ വഴി തുറക്കും.
തിരുവനന്തപുരത്തിനും കണ്ണൂരിനും പുറമേ കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് കേരളത്തിന്റെ ആദ്യ വന്ദേഭാരതത്തിന് സ്‌റ്റോപ്പുകളുള്ളത്. ഏഴര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ എത്തുന്ന തരത്തിലാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 10 സെക്കന്റ് കൊണ്ട് 100 കിലോമീറ്റര്‍ വരെയുള്ള വേഗതയിലേക്ക് എത്താനാകും. കൂടാതെ ഇരുവശങ്ങളിലും ഡ്രൈവര്‍മാരുള്ളതിനാല്‍ ദിശ മാറുന്നതിനായും സമയമെടുക്കില്ല. പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്തെ റെയില്‍ പാതകളുടെ കാലപ്പഴക്കവും വളവും വേഗതയെ പരിമിതപ്പെടുത്തുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
എല്ലാ കോച്ചുകളും എയര്‍ കണ്ടീഷന്‍ ചെയ്തവയായിരിക്കും. ഓട്ടോമാറ്റിക് ഡോറുകള്‍, ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, എല്‍ഇഡി ലൈറ്റിംഗ്, ബയോ വാക്വം ശുചിമുറികള്‍ എന്നിവയും വന്ദേഭാരത്് ട്രെയിനുകളുടെ സവിശേഷതയാണ്. കഴിഞ്ഞ ദിവസം രാത്രി ചെന്നൈ ഐസിഎഫില്‍ നിന്നുമാണ് പരീക്ഷണയോട്ടത്തിനായി വന്ദേഭാരത് റേക്ക് കേരളത്തില്‍ എത്തിയിട്ടുള്ളത്. പരീക്ഷണയോട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സമയക്രമവും വേഗവും സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുക.