image

4 Dec 2023 1:21 PM GMT

News

2025 ൽ അതിദരിദ്രര്‍ ഇല്ലാത്ത കേരളം: മന്ത്രി ജി.ആര്‍ അനില്‍

MyFin Desk

2025 ൽ അതിദരിദ്രര്‍ ഇല്ലാത്ത കേരളം: മന്ത്രി ജി.ആര്‍ അനില്‍
X

Summary

  • എല്ലാവര്‍ക്കും ഭക്ഷണം എന്ന ഉത്തരവാദിത്തത്തെ സര്‍ക്കാര്‍ വിജയത്തില്‍ എത്തിക്കും
  • മികച്ച നിലവാരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കും
  • 3,66,397 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നൽകി


വിശപ്പു രഹിത കേരളത്തിനായുള്ള തീവ്ര ശ്രമത്തില്‍ സര്‍ക്കാര്‍ അടിയുറച്ച് നില്‍ക്കുമെന്നും പരിപൂര്‍ണ്ണ വിജയം കൈവരിക്കുമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍.

ചേലക്കര നവകേരള സദസ്സിന്റെ ഭാഗമായി ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അതിദരിദ്രര്‍ ഇല്ലാത്ത കേരളം 2025 നവംബര്‍ ഒന്നോടെ കൈവരിക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന വലിയ ഉത്തരവാദിത്തത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു വിജയത്തില്‍ എത്തിക്കും. ഇതോടൊപ്പം മികച്ച നിലവാരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നത് സര്‍ക്കാരിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ഭരണ നേട്ടം

മുന്‍ഗണന വിഭാഗത്തില്‍ അനര്‍ഹരായവര്‍ കടന്നുകൂടിയതിനെ തിരിച്ചു പിടിക്കാന്‍ സാധിച്ചതും ഭരണ നേട്ടമാണ്. അര്‍ഹരായ 3,66,397 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് ലഭ്യമാക്കാന്‍ തക്കവണ്ണം നടപടിക്രമങ്ങളെ ലഘൂകരിക്കാന്‍ കഴിഞ്ഞതും ചരിത്രത്തിന്റെ ഭാഗമായി.

ഡിസംബര്‍ 15 വരെ അനര്‍ഹരെ കുറിച്ചു പരാതികള്‍ അറിയിക്കാന്‍ റേഷന്‍കടകളില്‍ പരാതി പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താതെ അനര്‍ഹരുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംവിധാനമുണ്ട്. ഈ സാഹചര്യത്തെ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

എന്‍ എഫ് എസ് ആക്ട് പ്രകാരം 43 ശതമാനം മാത്രം ഭക്ഷ്യധാന്യമെന്ന 2013 ലെ കേന്ദ്ര നിലപാടിനെ തിരുത്തിക്കുറിച്ച് 2016 ല്‍ മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ നടപ്പിലാക്കിയത് ഭരണയാത്രയിലെ നാഴികക്കല്ലായി. വീട്ടുമുറ്റത്ത് ഭക്ഷ്യധാന്യമെന്നതും യാഥാര്‍ത്ഥ്യമായി. തൃശ്ശൂര്‍ ജില്ലയിലെ 14 ഊരുകളിലടക്കം സംസ്ഥാനത്ത് 134 ഊരുകളില്‍ വിജയകരമായി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതും ചാരിതാര്‍ത്ഥ്യം നല്‍കുന്ന കാര്യങ്ങളാണെന്നും മന്ത്രി പറഞ്ഞു.

കേരള ജനതയെ ഒന്നാകെ ഒരുപോലെ കാണുന്ന സര്‍ക്കാരാണിത്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളെയാണ് സര്‍ക്കാര്‍ പ്രഥമമായി പരിഗണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വികസന ക്ഷേമ നയങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നവകേരള സൃഷ്ടി ഉറപ്പാക്കുമെന്നും മന്ത്രി അനില്‍ പറഞ്ഞു.