image

12 Dec 2024 9:31 AM GMT

News

ശബരിമല തീര്‍ഥാടകര്‍ക്ക് ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം വകുപ്പ്

MyFin Desk

ശബരിമല തീര്‍ഥാടകര്‍ക്ക് ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം വകുപ്പ്
X

ശബരിമലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകും വിധം അഞ്ച് ഭാഷകളില്‍ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്‌തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലാണ് ഉള്ളടക്കമുള്ളത്. തീര്‍ഥാടനം, ഗതാഗതം, താമസ സൗകര്യങ്ങള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്.

ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ഹ്രസ്വചിത്രവും ഫോട്ടോ ഗാലറിയും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷര്‍ തീര്‍ഥാടകര്‍ക്കുള്ള സമഗ്രവും വിശദവുമായ വെര്‍ച്വല്‍ യാത്രാ ഗൈഡാണ്. ഇതില്‍ ശബരിമലയുടെ ചരിത്രവും പ്രാധാന്യവും ചടങ്ങുകളുമെല്ലാം വിശദമാക്കുന്നു. ഇ-ബ്രോഷര്‍ ആയതിനാല്‍ ഇത് സ്‌മാര്‍ട്ട് ഫോണ്‍ വഴി മറ്റുള്ളവര്‍ക്ക് അയയ്ക്കാ‌നും യാത്രയ്ക്കി‌ടയില്‍ വിവരങ്ങള്‍ സൗകര്യപൂര്‍വ്വം നോക്കാനുമാകും. ശബരിമല ദര്‍ശനത്തിന് ശേഷം സന്ദര്‍ശിക്കേണ്ട മറ്റ് ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും.

ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്ക് സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും. ശബരിമല ദര്‍ശനത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്‌കാരിക സ്ഥിതി വിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളുന്നു.