image

9 Aug 2024 3:14 AM

News

വ്യവസായം; കേരള-തമിഴ്‌നാട് സഹകരണം സാധ്യമെന്ന് സംസ്ഥാനം

MyFin Desk

industrial development, kerala says cooperation with tamil nadu is possible
X

Summary

  • കേരളം വിവിധ മേഖലകളില്‍ നിക്ഷേപത്തിന് സാധ്യതയുമുള്ള സംസ്ഥാനം
  • കൂടുതല്‍ വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ കേരളവും തമിഴ്‌നാടും യോജിച്ച് പ്രവര്‍ത്തിക്കണം
  • കേരളം ദേശീയ അന്തര്‍ദേശീയ റോഡ്‌ഷോകള്‍ക്ക്


കേരളം കേവലം ഒരു മനോഹരമായ അവധിക്കാല കേന്ദ്രം മാത്രമല്ല, വിവിധ മേഖലകളില്‍ നിക്ഷേപത്തിന് വിപുലമായ സാധ്യതയുമുള്ള സംസ്ഥാനമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ വികസനം ആകര്‍ഷിക്കാന്‍ തന്റെ സംസ്ഥാനത്തിനും തമിഴ്നാടിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുസ്ഥിര വളര്‍ച്ചയുടെ കാര്യത്തില്‍ കേരളം രാജ്യത്തെ നമ്പര്‍ വണ്‍ ആണെന്നും കൂടുതല്‍ വ്യവസായങ്ങള്‍ ആകര്‍ഷിക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

'കേരളവും തമിഴ്നാടും മത്സരിക്കുന്നില്ല. ഞങ്ങള്‍ക്ക് വന്‍കിട വ്യവസായങ്ങളെ പിന്തുണയ്ക്കാം. നിങ്ങള്‍ക്ക് ഓട്ടോമൊബൈല്‍ വ്യവസായമുണ്ട്, ഞങ്ങള്‍ക്ക് ഓട്ടോമോട്ടീവ് ടെക്‌നോളജി വ്യവസായമുണ്ട്. രണ്ട് സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ച് വളരാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും കൂടുതല്‍ വ്യവസായങ്ങള്‍ ആകര്‍ഷിക്കാനും കഴിയും,' ചെന്നൈയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള റോഡ്‌ഷോയില്‍ വ്യവ്‌സായ മന്ത്രി പറഞ്ഞു.

വന്‍തോതില്‍ ഭൂമി ആവശ്യമുള്ള വ്യവസായങ്ങള്‍ സുഗമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. പദ്ധതികള്‍ക്ക് ഭൂമി അനുവദിക്കുന്നതിനും പുതിയ സംരംഭങ്ങള്‍ക്ക് വേഗത്തിലുള്ള അനുമതി നല്‍കുന്നതിനും ബ്യൂറോക്രാറ്റിക് റെഡ് ടാപ്പിസം ഇല്ലാതാക്കുന്നതിനും, നിയമപരമായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കുന്നതിലും തന്റെ സര്‍ക്കാര്‍ എടുത്ത ശ്രമങ്ങള്‍ മന്ത്രി അനുസ്മരിച്ചു.

വിനോദസഞ്ചാരത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക സേവനത്തിനും മാത്രമാണ് കേരളം മികവുപുലര്‍ത്തുന്നതെന്ന ധാരണയുണ്ട്. എന്നാല്‍ കേരളം വ്യവസായങ്ങള്‍ക്കും മികച്ച പിന്തുണ നല്‍കുന്നു. ജിഡിപിയില്‍ ഞങ്ങള്‍ നാല് ശതമാനം സംഭാവന ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ നിരവധി സംരംഭങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 2.56 ലക്ഷം എംഎസ്എംഇകളുടെ രജിസ്‌ട്രേഷന്‍ ഉറപ്പാക്കി. കയറ്റുമതി ഇറക്കുമതി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ലോജിസ്റ്റിക്‌സ്, ഹൈടെക് നിര്‍മ്മാണം തുടങ്ങിയ നിരവധി പുതിയ നയങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

'ഓഗസ്റ്റ് 23 ന് ഞങ്ങള്‍ കൊച്ചിയില്‍ ആദ്യത്തെ അന്താരാഷ്ട്ര റോബോട്ടിക് കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കും. കൂടാതെ കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി മുംബൈ, ഡല്‍ഹി, ജപ്പാന്‍, ദുബായ്, സൗദി എന്നിവിടങ്ങളില്‍ ദേശീയ അന്തര്‍ദേശീയ റോഡ്‌ഷോകള്‍ നടത്തും,' രാജീവ് പറഞ്ഞു.

കൂടാതെ ഒരു അന്താരാഷ്ട്ര ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ, എയ്റോസ്പേസ്, ഡിഫന്‍സ്, ആയുര്‍വേദം, ബയോടെക്നോളജി, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുള്‍പ്പെടെ 22 മേഖലകളിലാണ് നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്നതെന്ന് കേരള വ്യവസായ, വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.