29 March 2025 12:18 PM IST
ഇന്ധന സർചാർജ് കുറഞ്ഞതോടെ സംസ്ഥാനത്ത് ഏപ്രിലിലെ നിരക്കുവർദ്ധന ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കെഎസ്ഇബി. ഇന്ധന സർചാർജ് 12 പൈസ കുറയുന്നുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി മുതൽ ഈടാക്കിയിരുന്ന ഇന്ധന സർചാർജായ 19 പൈസ ഏപ്രിലിൽ ഏഴ് പൈസയായാണ് കുറയുന്നതെന്ന് കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്തെ എല്ലാ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കി വന്നിരുന്ന ഇന്ധന സര്‍ചാര്‍ജ്ജ് ആയ 19 പൈസ ഏപ്രില്‍ 2025-മുതൽ 7 പൈസയായി കുറഞ്ഞിട്ടുണ്ട്. ഇതുവഴി എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റില്‍ 12 പൈസയുടെ കുറവ് വരുന്നതാണ്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 2025 മുതല്‍ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ്ജില്‍ ഒരു യൂണിറ്റിന് ശരാശരി 12 പൈസയുടെ വര്‍ദ്ധനവ് ഉണ്ടാകും. എന്നാല്‍ ഇന്ധന സര്‍ചാര്‍ജ്ജില്‍ വന്ന കുറവ് കാരണം വൈദ്യുതി ചാര്‍ജ്ജില്‍ ഉണ്ടാവുന്ന വര്‍ദ്ധനവ് ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുത്തുകയില്ല.