image

10 Nov 2023 1:02 PM IST

News

തൊഴിലുറപ്പ്: സോഷ്യല്‍ ഓഡിറ്റില്‍ വീണ്ടും കേരളം ഒന്നാമത്

MyFin Desk

Kerala becomes first state to complete social audit at National Rural Employment Guarantee Scheme
X

Summary

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത്. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്.

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറു മാസത്തെ സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് കേരളം 99.5 ശതമാനം പഞ്ചായത്തുകളുടെയും സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകളും പബ്ലിക് ഹിയറിംഗുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് അറിയിച്ചു.

കേരളം 99.5% ഭൗതിക പുരോഗതി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഒഡീഷയ്ക്ക് 64.8 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ബിഹാറിന് 62.6% വും മാത്രമേ നേടാനായിട്ടുള്ളൂ. ഇന്ത്യയിൽ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് 60 ശതമാനത്തിലധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിലെ പോരായ്മ കണ്ടെത്താനും പരിഹാരം കാണാനും കേരളം നടത്തുന്ന ഈ കുറ്റമറ്റ ഇടപെടല്‍ ഒരിക്കല്‍ക്കൂടി രാജ്യത്തിന് മാതൃകയാവുകയാണെന്ന് മന്ത്രി അറിയിച്ചു.

സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് സംസ്ഥാനമായി കേരളം ഉടനെ മാറും. 2022 -23 ലും സമ്പുർണ സോഷ്യൽ ഓഡിറ്റ് സംസ്ഥാനമാകാൻ കേരളത്തിന് കഴിഞ്ഞിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്തുമാണ് ഇനി ബാക്കിയുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ പഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് കൂടി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ സൂചികകളിൽ മഹാഭൂരിപക്ഷത്തിലും ഒന്നാം സ്ഥാനത്ത് കേരളമാണെന്നും രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.