image

19 Feb 2025 9:27 AM GMT

News

പിഎസ് സി അംഗങ്ങൾക്ക് ശമ്പളം വർധിപ്പിച്ചു; ചെയർമാന് ഇനി ജില്ലാ ജഡ്ജിക്ക് തുല്യ ശമ്പളം

MyFin Desk

salary hike for psc members, equal salary for chairman and district judge
X

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം.

പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട്‌ പിഎസ് സി സർക്കാരിന് കത്ത് നൽകിയിരുന്നു. ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പരിഷ്‌ക്കരിച്ചിരുന്നു. ഈ രീതി പിഎസ്സിയിലും നടപ്പിലാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76,450 രൂപയാണ്. ഇത് 2,24,100 രൂപയായി ഉയര്‍ത്തണമെനന്നായിരുന്നു കത്തിലെ ആവശ്യം. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 70,290 രൂപയില്‍നിന്ന് 2,19,090 രൂപയായി ഉയര്‍ത്തണം. വീടിന്റെ വാടക അലവന്‍സ് 10,000 രൂപയില്‍നിന്ന് 35,000 രൂപയാക്കണം. യാത്രാബത്ത 5000 രൂപയില്‍നിന്ന് 10,000 ആക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ എല്ലാ അലവന്‍സുകളും ചേര്‍ത്ത് 2.26 ലക്ഷം രൂപയാണ് ചെയര്‍മാന്റെ ശമ്പളം. അംഗങ്ങള്‍ക്ക് 2.23 ലക്ഷവും. പുതിയ പരിഷ്‌ക്കരണം നടപ്പിലാക്കിയാല്‍ ചെയര്‍മാനും അംഗങ്ങള്‍ക്കും കേന്ദ്ര ഡിഎ ഉള്‍പ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും. 35 കോടിയോളം രൂപ ശമ്പള കുടിശിക നല്‍കാനായി ചെലവാകും.