3 May 2024 11:34 AM IST
2000 കോടിയുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞു; വിട്ടയച്ചത് 4 മണിക്കൂറിനു ശേഷം
MyFin Desk
കോട്ടയത്ത് നിന്നും ഹൈദരാബാദിലേക്ക് 2000 കോടി രൂപയുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് നാലുമണിക്കൂറിലേറെ തടഞ്ഞുവച്ചു.
കാലാവധി കഴിഞ്ഞ നോട്ടുകൾ ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിക്കാനായി പോയ കേരള പൊലീസ് സംഘത്തെയാണ് ആന്ധ്ര പൊലീസും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം തടഞ്ഞുവച്ചത്. തിരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലായിരുന്നു ആന്ധ്ര പൊലീസ് സംഘം.
പഴകിയതും, മാറ്റിയെടുക്കാനാവാത്തതുമായ 2000 കോടി രൂപയുമായാണ് പൊലീസ് സംഘം ഹൈദരാബാദിലേക്ക് പോയത്. രണ്ട് ഇന്നോവാ കാറിലും, ഒരു ട്രാവലറിലും, കണ്ടെയ്നർ ലോറിയിലുമാണ് നോട്ടുകൾ കൊണ്ടുപോയത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് അനന്ദപൂർ ഡിഐജിയേയും, എസ്‌പിയെയും വിളിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് ആർബിഐ നിർദ്ദേശപ്രകാരം കൊണ്ടുപോയ പണം ആന്ധ്രാ പൊലീസ് വിട്ടു നൽകിയത്.
കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിൽ രണ്ടു വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം രണ്ടു എസ്ഐമാരും മൂന്നു സീനിയർ സിപിഒമാരും എട്ട് സിപിഒമാരുമാണു സംഘത്തിലുണ്ടായിരുന്നത്.