2 Aug 2023 5:33 AM GMT
Summary
- സംസ്ഥാനം യുഎസ് കമ്പനികള്‍ക്ക് അനുയോജ്യമായ ഓഫ്ഷോര്‍ ഡെസ്റ്റിനേഷന്‍
- ഉന്നത നിലവാരമുള്ള ടാലന്റ് പൂളും ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍
കേരളത്തിലെ നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥ യുഎസിലെ നികുതി, അക്കൗണ്ടിംഗ് കമ്പനികള്‍ക്ക് അനുയോജ്യമായ ഓഫ്ഷോര്‍ ഡെസ്റ്റിനേഷന്‍ ആണന്നു നിയമ-വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിലെ മികച്ച വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ ആവാസവ്യവസ്ഥയുടെയും പിന്‍ബലത്തില്‍ സംസ്ഥാനത്തെ മാനവവിഭവശേഷിയുടെ ഗുണനിലവാരം ഈ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
യുഎസ് ടാക്‌സ് ഇന്‍ഡസ്ട്രി മീറ്റില്‍ അമേരിക്കയുടെ നികുതി, അക്കൗണ്ടിംഗ് സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൗതികവും സാമൂഹികവുമായ മികച്ച ഇന്‍ഫ്രാസ്ട്രക്ചറും, ശക്തമായ കണക്റ്റിവിറ്റിയുമെല്ലാം കേരളത്തെ നിക്ഷേപകരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'കമ്പനികള്‍ക്ക് സംസ്ഥാനത്തിന്റെ ഉന്നത നിലവാരമുള്ള ടാലന്റ് പൂളും ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രതിഭാധനരും വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളെ കൂടുതലായി തിരയുന്ന യുഎസ് നികുതി വ്യവസായത്തിലെ കമ്പനികള്‍ക്ക് അനുയോജ്യമായ ഓഫ്ഷോര്‍ ഡെസ്റ്റിനേഷനായി കേരളം മാറും' മന്ത്രി പറഞ്ഞു. വിവിധ കമ്പനികളില്‍ നിന്നുള്ള വിദഗ്ധരുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തി. കേരളം അതിന്റെ പുതിയ വ്യാവസായിക നയത്തില്‍ നിക്ഷേപ സാധ്യതയുള്ള 22 മേഖലകള്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.