image

14 Dec 2023 4:46 PM GMT

Kerala

കിഫ്‌ബിയ്ക്കും കടക്കാരായി സർക്കാർ, കൊടുക്കാനുള്ളത് 9436 കോടി

C L Jose

കിഫ്‌ബിയ്ക്കും കടക്കാരായി സർക്കാർ, കൊടുക്കാനുള്ളത് 9436 കോടി
X

Summary

കിഫ്‌ബി ഇതുവരെ 82,283 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും , 26,926 കോടി മാത്രമേ ഈ പദ്ധതികൾക്കായി നൽകിയിട്ടുള്ളൂ


തിരുവനന്തപുരം:അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സർക്കാർ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) ന്റെ സെപ്റ്റംബർ 31 , 2023 ലെ കണക്കനുസരിച്ചു അതിനു നൽകാനുള്ളത് 9,436.26 കോടി.

എന്നാൽ, സർക്കാർ പണം നൽകും എന്നുതന്നെയാണ് കിഫ്‌ബി ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ സാമ്പത്തിക പ്രസ്താവനയിൽ കിഫ്‌ബി അതിനെ കുറിച്ച് ഇങ്ങനെ പറയുന്നു: ``കേരള സർക്കാർ നിയമപരമയി നൽകാനുള്ള ഫണ്ടിൽ ബാക്കി നിൽക്കുന്ന 9436.26 കോടി ലഭിക്കാൻ നൂലാമാലകളൊന്നുമില്ല, അത് മാനേജ്മെന്റിന് വസൂലാക്കാൻ കഴിയുന്നതേ ഒള്ളു.''

2016 ൽ ഭേദഗതി വരുത്തിയ കിഫ്‌ബി നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചാണ് സംസ്ഥാന സർക്കാർ കിഫ്‌ബിക്കു ഫണ്ട് നൽകുന്നത്.. ഈ നിയമത്തിന്റെ അനുഛേദം - 7 അനുസരിച്ചു വാഹന നികുതിയിൽ നിന്ന് കിഫ്‌ബിക്കു കിട്ടേണ്ട വിഹിതത്തിനു തുല്യമായ തുക ബജറ്റിൽ നിന്ന് നൽകണം. കൂടാതെ തലേ വർഷം പെട്രോൾ-ഡീസൽ സെസിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും കിഫ്‌ബിക്കു കൈമാറണം.

ഇതിലുപരി, കിഫ്‌ബി എടുക്കുന്ന എല്ലാ കടങ്ങൾക്കും കിഫ്‌ബി നിയമമനുസരിച്ചു സംസ്ഥാനം ഈട് നൽകണം. എന്നാൽ സംസ്ഥാനം ഈട് നൽകുന്ന വായ്‌പകൾ അതിന്റെ ബജറ്റിന് പുറത്തുള്ള വായ്പ്പയായി കണക്കാക്കും എന്ന കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിനെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇപ്പോൾത്തന്നെ, സംഥാനത്തിന്റെ ഈടിൻ മേൽ കിഫ്‌ബി കടമെടുത്തതിന്റെ പേരിൽ, 2023 - 24 ൽ സംസ്ഥാനത്തിന് കടമെടുക്കാവുന്ന പരിധി കേന്ദ്രം വെട്ടികുറച്ചുകൊണ്ടു കൂടുതൽ കടമെടുക്കാതിരിക്കാൻ സംസ്ഥാനത്തിന്റെ കൈകൾ രണ്ടും കെട്ടിയിരിക്കുകയാണ്‌ കേന്ദ്രം. കടമെടുക്കാനുള്ള പരിധി കുറച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യമന്ത്രി കെ എൻ ബാലഗോപാലും കേന്ദ്രത്തെ അതിശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തുണ്ട്.

കിഫ്‌ബി ഇതുവരെ 82,283 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും , 26,926 കോടി മാത്രമേ ഈ പദ്ധതികൾക്കായി കിഫ്‌ബി നൽകിയിട്ടുള്ളൂ.. ഇനിയും ഈ പദ്ധതികൾക്ക് വേണ്ട ബാക്കി വരുന്ന ഭീമായ ഫണ്ട് കണ്ടത്തുക എന്നുപറഞ്ഞാൽ കിഫ്‌ബിക്കു അതൊരു വലിയ വെല്ലുവിളി ആയിരിക്കും എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അതിലും ശ്രദ്ധേയമായ കാര്യം, ഈ സാമ്പത്തിക വർഷത്തിൽ മാർച്ച് മുതൽ എട്ടു മാസം വരെ വെറും 3298 കോടി മാത്രമേ കിഫ്‌ബി അത് ഏറ്റെടുത്ത പദ്ധതികൾക്കായി വിതരണം ചെയ്തിട്ടുള്ളു.

ഇതിനർത്ഥ൦ കിഫ്ബിയുടെ കൈവശമുള്ള ഫണ്ടുകളെല്ലാം തീർന്നു എന്നല്ല, സെപ്റ്റംബർ 30 , 2023 വരെ, . ക്യാഷും, മറ്റുമായി ഇപ്പോൾ കിഫ്ബിയുടെ കൈവശം 5925 കോടി ഉണ്ട്. കൂടാതെ 600 കോടി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്.

``ഇത് കൂടാതെ 2498 കോടിയുടെ സഞ്ചിത നിക്ഷേപ൦ ( കോർപസ് ഫണ്ട്) ഉണ്ട്. കൂടാതെ സ്ഥിരനിക്ഷേപങ്ങളും, കടം തിരിച്ചടക്കനയി ഡറ്റ് സർവീസ് റിസേർവ് അക്കൗണ്ടിൽ ( ഡി എസ് ആർ എ ) നിക്ഷേപിച്ചിരിക്കുന്ന ഫണ്ടു ഉണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ ലിക്വിഡിറ്റി പ്രശ്ങ്ങൾ ഒന്നും നേരിടുന്നില്ല,, കിഫ്‌ബി പറയുന്നു

കിഫ്ബിയുടെ കടം മാർച്ച്, 2023 ലെ 17,772 കോടിയിൽ നിന്നും,സെപ്റ്റംബർ 30 , 2023 ആയപ്പോഴേക്കും 18,827 കോടി ആയി വർധിച്ചു. ഇത് കാണിക്കുന്നത്, കിഫ്‌ബി ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറ് മാസം അധികമായി കടമെടുത്തത് 1054 കോടി മാത്രമാണ് എന്നാണ്.