13 Feb 2025 6:08 AM
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2025 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു. മാർച്ച് 31 നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.