11 March 2022 6:38 AM GMT
Summary
കോവിഡിൽ തകർന്ന വിനോദസഞ്ചാരമേഖലയെ വീണ്ടും സജീവമാക്കാനൊരുങ്ങി കേരളാ ബജറ്റ്. ഈ മേഖലയുടെ കുതിപ്പിനായി വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ വള്ളംകളിയെ ലോകോത്തര കായിക ഇനമായി പരിവർത്തനം ചെയ്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തുന്നതിന് 15 കോടി രൂപ ബജറ്റിൽ വകയിരുത്തി സംസ്ഥാന സർക്കാർ. 12 സ്ഥലങ്ങളിലായി വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള ടൂർണമെന്റാണിത്. വിനോദസഞ്ചാരമേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് കേരളാ ബജറ്റിലെ മറ്റ് പദ്ധതികൾ. […]
കോവിഡിൽ തകർന്ന വിനോദസഞ്ചാരമേഖലയെ വീണ്ടും സജീവമാക്കാനൊരുങ്ങി കേരളാ ബജറ്റ്. ഈ മേഖലയുടെ കുതിപ്പിനായി വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിൽ വള്ളംകളിയെ ലോകോത്തര കായിക ഇനമായി പരിവർത്തനം ചെയ്ത് ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്തുന്നതിന് 15 കോടി രൂപ ബജറ്റിൽ വകയിരുത്തി സംസ്ഥാന സർക്കാർ. 12 സ്ഥലങ്ങളിലായി വള്ളംകളി മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായാണ് ഈ തുക നീക്കിവച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള ടൂർണമെന്റാണിത്.
വിനോദസഞ്ചാരമേഖലയ്ക്ക് ആശ്വാസം പകരുന്നതാണ് കേരളാ ബജറ്റിലെ മറ്റ് പദ്ധതികൾ. വിനോദസഞ്ചാര ഹബ്ബുകൾ, ഡെസ്റ്റിനേഷൻ ചലഞ്ച് പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് 362.15 കോടി രൂപ വകയിരുത്തും. ഇത് മുൻ വർഷത്തേക്കാൾ 42 കോടി അധികമാണ്. കാരവൻ പാർക്കുകൾ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീർത്ഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്. ശബരിമല, അച്ചൻകോവിൽ, ആര്യൻങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്ക്യൂട്ടിനാവശ്യമായ പദ്ധതി തയ്യാറാക്കും.
പരിസ്ഥിതി സൗഹൃദവും സ്വയം പര്യാപ്തവുമായ 25 ടൂറിസം ഹബ്ബുകൾ 5 വർഷത്തിനുള്ളിൽ കേരളത്തിൽ ആരംഭിക്കും. കരയും, കാടും, കായലും ടൂറിസം പദ്ധതിയിൽ സജീവമായി ഉൾപ്പെടുത്തും. ഇതിനൊപ്പം സമുദ്രയാത്രകൾക്കും പ്രാധാന്യം നൽകും. വിനോദസഞ്ചാരമേഖലയിലെ വിപണന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് 81 കോടി രൂപയും, പരിശീലന പ്രവർത്തനങ്ങൾക്കായി 29.3 കോടി രൂപയും വകയിരുത്തും. കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപൂരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസ് ടൂറിസം മേഖല ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോ ഡൈവേഴ്‌സിറ്റി ടൂറിസം, ലിറ്റററി സർക്യൂട്ട് എന്നിവ നടപ്പാക്കാനുള്ള പദ്ധതികൾ ആരംഭിച്ചു.
'ഒരു പഞ്ചായത്ത് ഒരു ഡെസ്റ്റിനേഷൻ' പദ്ധതിക്കായി 132.14 കോടി രൂപ വകയിരുത്തും. ഈ മേഖലയിലേയ്ക്ക് സ്വകാര്യ സംരംഭകരെ ആകർഷിക്കാനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്, നിലവിലെ ഡെസ്റ്റിനേഷനുകളുടെയും ഉത്പന്നങ്ങളുടെയും നവീകരണവും പുനരുജ്ജീവനവും
എന്നിവയെല്ലാം ഉൾക്കൊള്ളുന്ന പദ്ധതിയാണിത്. വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി 1,000 കോടി രൂപയുടെ വായ്പകൾ ലഭ്യമാക്കുന്ന പദ്ധതി തയ്യാറാക്കും. ഇതിനായി പലിശയിളവ് നൽകുന്നതിലേക്ക് 20 കോടി രൂപ വകയിരുത്തും. ടൂറിസം മേഖലയിലെ ചെറുകിട-ഇടത്തരം പദ്ധതികൾക്കായി പലിശ കുറഞ്ഞ ലോണുകളും റിവോൾവിംഗ് ഫണ്ടും ഏർപ്പെടുത്തി. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്ന വിനോദസഞ്ചാരമേഖലയിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.