image

16 Sep 2023 1:40 PM GMT

News

കേരള ബാങ്ക് 1500 നിയമനങ്ങൾക്ക് ഒരുങ്ങുന്നു, പി എസ് സി യെ സമീപിച്ചു

C L Jose

കേരള ബാങ്ക് 1500 നിയമനങ്ങൾക്ക് ഒരുങ്ങുന്നു, പി എസ് സി യെ സമീപിച്ചു
X

Summary

  • നിലവിൽ 5000 ജീവനക്കാർ
  • വിരമിച്ച ജീവനക്കാര്‍ക്ക് പകരമായി പുതിയ ജീവനക്കാരെ കുറച്ചുകാലമായി നിയമിച്ചിട്ടില്ല


തിരുവനന്തപുരം: കേരള ബാങ്ക് എന്ന് പൊതുവെ അറിയപ്പെടുന്ന കേരള സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാരുടെ എണ്ണം 5000 ല്‍ നിന്നും 6500 ലേക്ക് ഉയര്‍ത്താനുള്ള പദ്ധതിക്ക് അന്തിമ തീരുമാനമായി. ഇതോടെ 1,500 ജീവനക്കാരെ അധികമായി നിയമിക്കും. റിക്രൂട്ട്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ അപേക്ഷകള്‍ ബാങ്ക് ഇതിനകം കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുണ്ട്.. ഇപ്പോൾ സ്ഥിരം ജീവനക്കാരെ കൂടാതെ താത്ക്കാലിക ജീവനക്കാരുടെയും കൂടെ സഹായത്തോടെയാണ് ബാങ്ക് അതിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടു പോകുന്നത്.

സ്ഥിരമായി ബാങ്ക് പ്രോസസ് ചെയ്യുന്ന ചെറുകിട വായ്പകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നിലവിലെ ജീവനക്കാര്‍ക്ക് ജോലി ഭാരം കൂടുതലാണെന്ന് മൈഫിന്‍പോയിന്റിനോട് സംസാരിച്ച ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എസ് രാജൻ പറഞ്ഞു. നിലവില്‍ ബാങ്കിന് 825 ശാഖകളാണ് ഉള്ളത്.. ബാങ്ക് നല്‍കുന്ന വായ്പകളില്‍ ഭൂരിഭാഗവും ചെറിയ തുകയ്ക്കുള്ള വായ്പകളാണ്. അതിനാല്‍ തന്നെ ധാരാളം ജോലികളുമുണ്ട്. പ്രത്യേകിച്ച് ബാങ്കിന് ആയിരകണക്കിന് ലെഗസി( ദീർഘകാലമായ) വായ്പാ അക്കൗണ്ടുകളുണ്ട്. അവയില്‍ പലതും നിഷ്‌ക്രിയ ആസ്തി വായ്പകളായി മാറിയിട്ടുമുണ്ട്.

'ബാങ്കിന് ജീവനക്കാര്‍ കുറവാണ് എന്നതിനെക്കാള്‍, വിരമിച്ച ജീവനക്കാര്‍ക്ക് പകരമായി പുതിയ ജീവനക്കാരെ കുറച്ചുകാലമായി നിയമിച്ചിട്ടില്ല എന്നതാണ് വസ്തുതയെന്നും' സിഇഒ കൂട്ടിച്ചേര്‍ത്തു. 2022-23 വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 75 ശതമാനം കുറഞ്ഞ് 77.24 കോടി രൂപയില്‍ നിന്നും 20.05 കോടി രൂപയിലേക്ക് എത്തിയിരുന്നു. അതേസമയം, നിക്ഷേപം 69,907.12 കോടി രൂപയില്‍ നിന്നും 74,152.32 കോടി രൂപയിലേക്ക് എത്തി. വായ്പകളും അഡ്വാന്‍സുകളും 40,950.04 കോടി രൂപയില്‍ നിന്നും 47,052.07 കോടി രൂപയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇത് 15 ശതമാനം വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു.

രസകരമെന്നു പറയട്ടെ, 'എല്ലാവര്‍ക്കും വായ്പ' വാഗ്ദാനം ചെയ്ത ഒരു ബാങ്കിന് ക്രെഡിറ്റ് ഡെപ്പോസിറ്റ് അനുപാതം 64 ശതമാനത്തിനടുത്ത് മാത്രമേ കൈവരിക്കാനായിട്ടുള്ളു. ഇത് കേരളം ആസ്ഥാനമായുള്ള മറ്റേതൊരു ബാങ്കിനെയും അപേക്ഷിച്ച് വളരെ കുറവാണ്. റെഗുലേറ്റര്‍ (ആർ ബി ഐ ) ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മൂലധന പര്യാപ്തത അനുപാതം (സിഎആര്‍) നിലനിര്‍ത്തുന്നതിനുള്ള വെല്ലുവിളിയും ബാങ്ക് അഭിമുഖീകരിക്കുന്നുണ്ട്. നിലവില്‍ റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ അനുപാതത്തിനു തൊട്ടു മുകളില്‍ അതായത് 9.85 ശതമാന൦ മാത്രമാണ് കേരള ബാങ്കിന്റെ സിഎആര്‍.

കേരള ബാങ്ക് അതിന്റെ വായ്പ വിതരണത്തില്‍ ശരിയായ വളര്‍ച്ച ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതിയ മൂലധനം കണ്ടെത്തേണ്ടതായിട്ടുണ്ട്. അല്ലെങ്കില്‍ വായ്പ ബുക്കിലെ നിഷ്‌ക്രിയ ആസ്തികളുടെ നല്ലൊരു ഭാഗം വീണ്ടെടുക്കേണ്ടതുണ്ട്. എങ്കിലെ ബാങ്കിന്റെ മൂലധന അടിത്തറ വര്‍ധിപ്പിക്കാന്‍ സാധിക്കു. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 12 ശതമാനത്തിന് മുകളിലാണെങ്കിലും അറ്റ നിഷ്‌ക്രിയ ആസ്തി വായ്പാ ബുക്കിന്റെ എട്ട് ശതമാനത്തിന് അടുത്താണ്. യുദ്ധകാലടിസ്ഥാനത്തില്‍ ബാങ്ക് പരിഹരിക്കേണ്ട'ഒരു പ്രശ്‌നമാണിത്.