17 May 2023 5:18 AM GMT
Summary
- കംപ്യൂർ സംയോജനം നടപ്പാക്കിയത് വിപ്രൊ
- സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഡിജിറ്റലായി പണമടയ്ക്കാം
- 823 ശാഖകളുമായി ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്ക്
മറ്റു വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എല്ലാ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ഇനിമുതല്‍ കേരള ബാങ്ക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കും. ഡിജിറ്റല്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനായി രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകളും ബാങ്ക് അവതരിപ്പിച്ചു. വ്യക്തിഗത ഉപഭോക്താക്കള്‍ക്കായി കെബി പ്രൈം എന്ന ആപ്പും സ്ഥാപനങ്ങള്‍ക്കായി കെബി പ്രൈം പ്ലസ് എന്ന ആപ്പുമാണ് ലഭ്യമാകുക. ഡിജിറ്റല്‍ സേവനങ്ങളുടെയും ശാഖകള്‍ക്കിടയില്‍ നടപ്പാക്കിയ ഐടി സംയോജനത്തിന്‍റെയും ഉദ്ഘാടനം നാളെ 12 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
രാജ്യത്തെ മുൻനിര ബാങ്കുകളോട് കിടപിടിക്കുന്ന ഡിജിറ്റൽ സേവനങ്ങൾ 2022 ഡിസംബർ മാസത്തോടെ ലഭ്യമാക്കുന്നതിനാണ് കേരള ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ഇക്കാര്യം ബാങ്ക് ജനറല്‍ മാനേജര്‍ രാജേഷ് എ ആർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് മലപ്പുറം ജില്ലാ ബാങ്ക് കൂടി കേരള ബാങ്കില്‍ ലയിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെ ഇത് നീണ്ടുപോകുകയായിരുന്നു.
ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായി എല്ലാ സഹകരണ ബാങ്കുകളും കംപ്യൂട്ടർ ശൃംഖലയുടെ ഭാഗമാക്കി സംയോജിപ്പിച്ചിട്ടുണ്ട്. പ്രമുഖ ഐടി കമ്പനിയായ വിപ്രോയാണ് കംപ്യൂർ സംയോജനം നടപ്പാക്കിയത്. അവരുടെ ഏറ്റവും ആധുനിക സോഫ്റ്റ്വെയറായ ഫിനക്കിൾ 2.25 ആണ് കേരള ബാങ്കിനായി വിനിയോഗിച്ചത്.
“ഡിജിറ്റൽ സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഇനി കേരള ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിന്‍റെ ആപ്പ് വഴി ഏതാണ്ട് എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കും. കേരള ഗവൺമെൻറുമായി ബന്ധപ്പെട്ട പണമിടപാടുകളും കേരള ബാങ്ക് മുഖാന്തിരം നടത്താൻ കഴിയും. ഉദാഹരണത്തിന് വൈദ്യുതി, ജല അതോറിറ്റി ബില്ലുകൾ, നികുതി തുടങ്ങിയവ കേരള ബാങ്കിൽ അടക്കാൻ കഴിയും. കേരള ബാങ്ക് കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും," രാജേഷ് വ്യക്തമാക്കി.
മലപ്പുറം ജില്ലാ ബാങ്കുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കേരള ബാങ്കിന് ശാഖകളായി. ഇതോടെ 823 ശാഖകളുമായി ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായും കേരള ബാങ്ക് മാറി. പതിനാല് ജില്ല സഹകരണ ബാങ്കുകളെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് 2019 ഒക്ടോബര്‍ ഏഴിനാണ് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചത്. ലയന അനുകൂല പ്രമേയം പാസാക്കാതെ വിട്ടു നിന്ന മലപ്പുറം ജില്ല ബാങ്കിനെ കോടതി നടപടികളിലൂടെയാണ് സര്‍ക്കാര്‍ കേരള ബാങ്കിന്‍റെ ഭാഗമാക്കിയത്.