Summary
- കേരളത്തിന്റെ 5 മാസത്തെ മൊത്തം ജിഎസ്ടി വരുമാനം 12,719 കോടി
- ഓഗസ്റ്റിലെ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1,59,069 കോടി
തിരുവനന്തപുരം: കേരളത്തിന്റെ ചരക്കു സേവന നികുതി ( ജി എസ ടി ) വരുമാനത്തിൽ അഗസ്റ്റിലും ഇടിവ്. ജൂണില്‍ 2,725 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ജൂലൈയില്‍ 2,381 കോടി രൂപയിലേക്ക് താഴ്ന്നു. ഇത് ഓഗസ്റ്റില്‍ 2,306 കോടി ആയി വീണ്ടും കുറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് മാസങ്ങളിലെ കേരളത്തിന്റെ മൊത്തം ജിഎസ്ടി വരുമാനം 12,719 കോടി രൂപയാണ്. ഏപ്രിലില്‍ 3,010 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.
എന്നാൽ ഈ വര്‍ഷം ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ 11 ശതമാനം ഉയര്‍ന്നു. 2022 ഓഗസ്റ്റിലേക്കാള്‍ ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയും ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) 14 ശതമാനത്തിന്റെ വര്‍ധനയും ഈ വര്‍ഷം ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം
ഓഗസ്റ്റിലെ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1,59,069 കോടി രൂപയാണ്. ഇതില്‍ സിജിഎസ്ടി 28,328 കോടി രൂപ, എസ്ജിഎസ്ടി 35,794 കോടി രൂപ, ഐജിഎസ്ടി 83,251 കോടി രൂപ (ചരക്ക് കയറ്റുമതിയിലൂടെ 43,550 കോടി രൂപ) സെസ് ഇനത്തില്‍ 11,695 കോടി രൂപ (1,016 കോടി രൂപ ചരക്ക് കയറ്റുമതിയിലൂടെ) എന്നിവയും ഉള്‍പ്പെടും.
കേന്ദ്ര സര്‍ക്കാര്‍ ഐജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തില്‍ 37,581 കോടി രൂപ സിജിഎസ്ടിയിലേക്കും 31,408 കോടി രൂപ എസ്ജിഎസ്ടിയിലേക്കും നല്‍കി തീര്‍പ്പാക്കി. ഐജിഎസ്ടി തീര്‍പ്പാക്കലിനുശേഷം കേന്ദ്ര സര്‍ക്കാരിനുള്ള സിജിഎസ്ടി വരുമാനം 65,909 കോടി രൂപയും സംസ്ഥാനങ്ങള്‍ക്കുള്ള എസ്ജിഎസ്ടി 67,202 കോടി രൂപയുമാണ്.