image

9 Dec 2024 9:18 AM

News

ഇനി ടെൻഷൻ വേണ്ട, വാഹനങ്ങൾ കേരളത്തിൽ എവിടെയും രജിസ്റ്റർ ചെയ്യാം

MyFin Desk

vehicles can be registered anywhere, transport commissioner orders
X

വാഹന രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇതുപ്രകാരം, ഇനി സംസ്ഥാനത്ത് എവിടെയെങ്കിലും മേൽവിലാസം ഉണ്ടെങ്കിൽ ഏത് ആർടി ഓഫീസിന് കീഴിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. നേരത്തെ സ്വന്തം മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ്.

ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.

സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.