14 Sep 2023 11:24 AM GMT
Summary
- 20ശതമാനം അധിക തീരുവയാണ് കഴിഞ്ഞദിവസം പിന്‍വലിച്ചത്
- തീരുമാനം പുനഃപരിശോധിക്കണമെന്ന് ആപ്പിള്‍ കര്‍ഷകര്‍
അമേരിക്കന്‍ ആപ്പിളിന്റെ നികുതിവെട്ടിക്കുറച്ചതിനെതിരേ കശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍. ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് ഇന്ത്യ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചത്. ഈ നീക്കം പ്രദേശിക കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ആപ്പിളിന്‍റെ 20 ശതമാനം തീരുവ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞയാഴ്ച മാത്രമാണ് നടപ്പാക്കിയത്.
ഇന്ത്യയും യുഎസും തമ്മില്‍, ലോക വ്യാപാര സംഘടനയുടെ മുന്നിലുള്ള ആറ് തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു ആപ്പിളിന്‍റെ ഇറക്കുമതിച്ചുങ്കം.
ഇന്ത്യന്‍ സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ താരിഫ് വാഷിംഗ്ടണ്‍ വര്‍ധിപ്പിച്ചതിന് പ്രതികാര നടപടിയായി, 2019-ലാണ് യുഎസില്‍ നിന്നുള്ള ആപ്പിളിന് ഇന്ത്യ 20 ശതമാനം അധിക കസ്റ്റംസ് തീരുവ ചുമത്തിയത്.
''തീരുമാനം പുനഃപരിശോധിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,'' ശ്രീനഗറില്‍ ഡസന്‍ കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത റാലിയില്‍ കശ്മീര്‍ താഴ് വര ഫ്രൂട്ട് ഗ്രോവേഴ്സ് ആന്‍ഡ് ഡീലേഴ്സ് യൂണിയന്‍ പ്രസിഡന്റ് ബഷീര്‍ അഹ്മദ് പറഞ്ഞു. നികുതി കുറയ്ക്കുന്നത് , കശ്മീരിലെ 120 കോടി ഡോളറിന്റെ ആപ്പിള്‍ വ്യവസായത്തെ ആശ്രയിക്കുന്ന മൂന്ന് ദശലക്ഷത്തിലധികം ആളുകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'ഇറക്കുമതി ചെയ്ത ആപ്പിള്‍ കാരണം ഞങ്ങള്‍ ഇതിനകം തന്നെ കഷ്ടപ്പെടുന്നു. പ്രാദേശിക കര്‍ഷകരെ സഹായിക്കുന്നതിന് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ അവര്‍ നേരെ മറിച്ചാണ് ചെയ്തത്,' അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥ കാരണം വ്യവസായത്തിന് ഈ വര്‍ഷം ഇതിനകംതന്നെ 40 ശതമാനം നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.
കാശ്മീര്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.7 ദശലക്ഷം ടണ്‍ ആപ്പിളാണ് ഉല്‍പ്പാദിപ്പിച്ചത്. ഇത് ഇന്ത്യയുടെ ഉല്‍പ്പാദനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗം വരുമെന്ന് ഭാഗവും, സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുഎസില്‍ നിന്ന് ഏകദേശം 4,500 ടണ്‍ ആപ്പിള്‍ ഇറക്കുമതി ചെയ്തു. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 128,000 ടണ്‍ ആയിരുന്നു. അധിക തീരുവയില്‍ മാത്രമാണ് ഇളവുവരുത്തിയിട്ടുള്ളതെന്നും നിലവിലുള്ള 50 ശതമാനം നികുതിയും കിലോയ്ക്ക് കുറഞ്ഞവില 50 രൂപ എന്നതും തുടരുമെന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്.
ഈ നടപടി ആഭ്യന്തര ആപ്പിള്‍ നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ മത്സരം വര്‍ധിപ്പിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു.
തുര്‍ക്കി, ഇറാന്‍, ചിലി, ഇറ്റലി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.